21/11/2026
[fontresizer_tawhidurrahmandear_widget]

‘മൈലേജ് കുറഞ്ഞു, എഞ്ചിനുകൾക്ക് തകരാർ; കുറഞ്ഞ വിലയുടെ എഥനോൾ കലർത്തി ലാഭമുണ്ടാക്കാൻ ശ്രമം’: കേന്ദ്രം സത്യം മറയ്ക്കുന്നുവെന്ന് ഡി.കെ ശിവകുമാർ

 ‘മൈലേജ് കുറഞ്ഞു, എഞ്ചിനുകൾക്ക് തകരാർ; കുറഞ്ഞ വിലയുടെ എഥനോൾ കലർത്തി ലാഭമുണ്ടാക്കാൻ ശ്രമം’: കേന്ദ്രം സത്യം മറയ്ക്കുന്നുവെന്ന് ഡി.കെ ശിവകുമാർ

ന്യൂഡൽഹി: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. അമിതമായ എഥനോൾ മിശ്രണം മൂലം ആയിരക്കണക്കിന് വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും മൈലേജ് കുറയുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ശിവകുമാർ കുറ്റപ്പെടുത്തി. കർണാടക സർക്കാർ സംസ്ഥാനത്തെ 67 കേന്ദ്രങ്ങളിൽനിന്ന് പെട്രോൾ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണെന്നും, അന്വേഷണത്തിന്റെ 30 ശതമാനം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

വിശദാംശങ്ങൾ സംസ്ഥാന മന്ത്രി ഔദ്യോഗികമായി വാർത്താസമ്മേളനം നടത്തി പുറത്തുവിടും. കേന്ദ്രസർക്കാരിന് പരിശോധന നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിഷയത്തിൽ സത്യം മറച്ചുവെക്കാൻ സർക്കാരിന് കഴിയില്ല. പെട്രോൾ വിതരണത്തിന് മുമ്പല്ല, പമ്പുകളിൽ വിതരണം ചെയ്യുന്ന സമയത്താണ് എഥനോൾ അമിതമായി കലർത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം അവകാശപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എഥനോൾ പെട്രോളിൽ കലർത്തി കൂടുതൽ ലാഭമുണ്ടാക്കാനാണ് ശ്രമം. ഇത് അപകടകരമാണെന്നും ജനങ്ങളെ ബോധവത്കരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിൽ അനുവദനീയമായ എഥനോൾ അളവ് 20 ശതമാനമാണ് (ഇ20). എന്നാൽ കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇതിലും ഉയർന്ന അളവിൽ എഥനോൾ കണ്ടെത്തിയെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. ബംഗളൂരു, കോലാർ, ചിക്കബെല്ലാപുര, രാമനഗര, മംഗളൂരു, തുമകൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ നടത്തിയ പരിശോധനയിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കർണാടകയുടെ കണ്ടെത്തലുകൾ പൊതുമേഖലാ എണ്ണക്കമ്പനികൾ തള്ളി. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലാണ് ആരോപണങ്ങൾ നിഷേധിച്ചത്. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്നാണ് കമ്പനികളുടെ വിശദീകരണം. സാംപിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയ രീതിയിലും അപാകതകളുണ്ടെന്നും അവർ ആരോപിച്ചു.

Also read: