22/11/2026
[fontresizer_tawhidurrahmandear_widget]

പെട്രോളിലെ എഥനോൾ ആശങ്ക: ‘പരിശോധനാഫലം 10 ദിവസത്തിനുള്ളിൽ ലഭിക്കും; ഉയർന്ന തോതിൽ കണ്ടെത്തിയാൽ നടപടിയെടുക്കും’ -മന്ത്രി അനൂപ് ജേക്കബ്

 പെട്രോളിലെ എഥനോൾ ആശങ്ക: ‘പരിശോധനാഫലം 10 ദിവസത്തിനുള്ളിൽ ലഭിക്കും; ഉയർന്ന തോതിൽ കണ്ടെത്തിയാൽ നടപടിയെടുക്കും’ -മന്ത്രി അനൂപ് ജേക്കബ്

അനൂപ് ജേക്കബ്

തിരുവനന്തപുരം: പെട്രോളിൽ എഥനോൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അനൂപ് ജേക്കബ്. 20 ശതമാനത്തിലധികം എഥനോൾ ചേർക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചുള്ള പരിശോധന തുടരുകയാണ്. പത്ത് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നും മുൻവിധിയോടെ ഈ വിഷയത്തെ സമീപിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ കെമിക്കൽ ലാബുകളിലേക്ക് അയച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ തീരദേശ മേഖലകളിൽനിന്നും സാമ്പിളുകൾ ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ മന്ത്രിയുടെ വാക്കുകൾ:

‘എഥനോൾ ആശങ്ക സ്വാഭാവികമായിട്ട് ഉടലെടുക്കുന്ന ഒന്നാണല്ലോ. എന്തായാലും അതിനെ സംബന്ധിച്ച് കേന്ദ്ര ഗവൺമെൻ്റ് ഇടപെടും എന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. കാരണം ഇത് കേരളത്തിൽ മാത്രമുള്ള ഒരു വിഷയമല്ല, രാജ്യമൊട്ടാകെയുള്ളതാണ്.
മലയോര പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഇന്ന് വയനാട് ജില്ലയിൽ നിന്നും സാമ്പിൾ കളക്ട് ചെയ്തിട്ടുണ്ട്. ഇനി തീരദേശ മേഖലയിൽ നിന്നും കൂടി ശേഖരിക്കും. കഴിഞ്ഞ ദിവസം കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ചു. ഇത് പരിശോധിക്കാൻ കെമിക്കൽ ലാബുകളിലേക്ക് നൽകിയിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ ഫലം ലഭിക്കും.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സാമ്പിൾസ് എടുത്തിരിക്കുന്നത്. റിസൾട്ട് വന്നതിനുശേഷം ഏതെങ്കിലും തരത്തിലുള്ള വ്യതിചലനങ്ങളോ അനുവദനീയമായതിനേക്കാൾ ഉയർന്ന തോതിൽ എഥനോളിന്റെ അംശമോ ഉണ്ടെങ്കിൽ തുടർ നടപടികളിലേക്ക് നീങ്ങും. മുൻവിധിയോടെ ആ വിഷയത്തെ സമീപിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല’

Also read: