21/11/2026
[fontresizer_tawhidurrahmandear_widget]

ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തി; നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

 ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ കണ്ടെത്തി; നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കർണാടകയിൽ വിൽക്കുന്ന ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് സംസ്ഥാന സർക്കാർ. വിവിധ എണ്ണക്കമ്പനികളുടെ ഇ20 പെട്രോൾ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തിയതായി കണ്ടെത്തിയത്. 20 ശതമാനം എഥനോളാണ് ഇ20 പെട്രോളിൽ അനുവദനീയമായ പരിധി.

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽനിന്നായി 63 പെട്രോൾ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇ20 പെട്രോൾ സാമ്പിളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും കണ്ടെത്തിയിട്ടുണ്ട്. പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ ചേർക്കാനാണ് നിലവിലെ ഇ20 മാനദണ്ഡം അനുവദിക്കുന്നത്. ഈ പരിധി മറികടന്ന എണ്ണക്കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദാണ് പരിശോധനാ വിവരങ്ങൾ പുറത്തുവിട്ടത്. ഭാരതീയ പെട്രോളിയത്തിന്റെ സാമ്പിളിൽ 26.5 ശതമാനവും നയാര എനർജിയുടെ സാമ്പിളിൽ 26.1 ശതമാനവും ഷെൽ പെട്രോളിൽ 25.5 ശതമാനവും എഥനോൾ കണ്ടെത്തി. നയാരയുടെ മറ്റൊരു സാമ്പിളിൽ 19.9 ശതമാനവും ഭാരത് പെട്രോളിയത്തിന്റെ മറ്റൊരു സാമ്പിളിൽ 19.2 ശതമാനവും എം.ആർ.പി.എല്ലിന്റെ സാമ്പിളിൽ 13.5 ശതമാനവും എഥനോൾ കണ്ടെത്തിയതാണ് കുറഞ്ഞ അളവ്.

എണ്ണക്കമ്പനികളുടെ സ്വന്തം ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ എഥനോൾ അളവ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെത്തുടർന്നാണ് സാമ്പിളുകൾ ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. അമിതമായ അളവിലെ എഥനോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും എൻജിൻ തകരാറിനും ഇടയാക്കുമെന്നാണ് ആശങ്ക.

അമിത എഥനോൾ കാരണം വാഹന ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പ്രത്യേക നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നാണ് കർണാടക സർക്കാരിന്റെ ആവശ്യം. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിലെ എഥനോൾ ശതമാനം നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും ഉപഭോക്താക്കൾക്ക് ഇ10, ഇ20, ഇ30 തുടങ്ങിയ ഇന്ധനങ്ങളിൽനിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

വോട്ട് ചോരി പോലെ പെട്രോൾ ചോരിയും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും ചർച്ചയാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൈലേജ് കുറയുന്നതിലൂടെ രാജ്യത്തെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 62,000 കോടി രൂപയുടെ നഷ്ടവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലൂടെ 39,000 കോടി രൂപയുടെ നഷ്ടവുമുണ്ടാകുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. ആകെ പ്രതിവർഷം ഏകദേശം 1.01 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നാണ് കർണാടക സർക്കാരിന്റെ കണക്ക്. പരിശോധനാ കണ്ടെത്തലുകൾ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Also read: