20/10/2026
[fontresizer_tawhidurrahmandear_widget]

വിവാഹശേഷമുള്ള നോൺ വെജ് പാർട്ടി വേണ്ട:വിലക്കുമായി കർണാടക ഗ്രാമം; ലംഘിച്ചാൽ ഒരു ലക്ഷം പിഴ

 വിവാഹശേഷമുള്ള നോൺ വെജ് പാർട്ടി വേണ്ട:വിലക്കുമായി കർണാടക ഗ്രാമം; ലംഘിച്ചാൽ ഒരു ലക്ഷം പിഴ

ശിവമൊഗ്ഗ: വിവാഹച്ചടങ്ങുകൾക്ക് ശേഷം അതിഥികൾക്കായി വിരുന്ന് സൽക്കാരങ്ങൾ സംഘടിപ്പിക്കുന്നത് വ്യാപകമായ ആചാരമാണെങ്കിലും, ഇത് ആർഭാടങ്ങളിലേക്ക് കടക്കുന്നത് തടയാൻ വേറിട്ട തീരുമാനവുമായി ഒരു ഗ്രാമം. വരൾച്ചയും വിളനാശവും മൂലം രൂപപ്പെട്ട കടുത്ത സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത്, അനാവശ്യ പണച്ചെലവ് വരുത്തുന്ന വിരുന്നുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുള്ള ഹരഗി ഗ്രാമവാസികൾ.

പ്രദേശത്ത് ‘ബീഗര ഊട്ട’ എന്ന പേരിൽ അറിയപ്പെടുന്ന മാംസവിഭവങ്ങൾ വിളമ്പുന്ന ആർഭാട സദ്യകൾക്കാണ് ഗ്രാമം വിലക്കേർപ്പെടുത്തിയത്. വിലക്ക് മറികടന്ന് ഇത്തരം വിരുന്നുകൾ നടത്തുന്ന കുടുംബങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപയും, വിലക്കപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികളിൽ നിന്ന് 50,000 രൂപയും പിഴയായി ഈടാക്കാൻ ഗ്രാമസഭ തീരുമാനിച്ചു. ഏകദേശം 350-ഓളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ ആളുകൾ ഒത്തുകൂടിയ പൊതുയോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.

വിവാഹാനന്തര ചടങ്ങുകൾ തികച്ചും ലളിതമായി നടത്താനും, അടുത്ത ബന്ധുക്കളിലും കുടുംബാംഗങ്ങളിലും മാത്രമായി വിരുന്നുകൾ പരിമിതപ്പെടുത്താനുമാണ് ഗ്രാമവാസികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതേസമയം, പരമ്പരാഗതമായ ആചാരങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ യാതൊരുവിധ വിലക്കുമില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കാൻ സംഘടിപ്പിച്ചിരുന്ന ഇത്തരം വിരുന്നുകൾ, കാലക്രമേണ ആർഭാടത്തിന്റെയും ഉയർന്ന സാമൂഹിക പദവിയുടെയും പ്രദർശനമായി മാറുകയായിരുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.

പുതിയ തീരുമാന പ്രകാരം അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ 10 മുതൽ 20 പേർക്ക് മാത്രമായിരിക്കും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുണ്ടാവുക. ആർഭാട വിവാഹച്ചെലവുകൾ കാരണം കുടുംബങ്ങൾ വലിയ കടക്കെണിയിലേക്ക് തള്ളപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ മറ്റു ഗ്രാമങ്ങളും സമാനമായ സാമ്പത്തിക അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്ന് ഹരഗി ഗ്രാമവാസികൾ ആഹ്വാനം ചെയ്യുന്നു.

Also read: