പള്ളിക്ക് മുന്നിൽ ഭിക്ഷ യാചിച്ചിരുന്ന വയോധിക മരിച്ചു; വീട്ടിൽ ചാക്കുകളിലായി കണ്ടെത്തിയത് 30 ലക്ഷം! അമ്പരപ്പോടെ നാട് | Mandya mosque beggar savings shocker
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഷങ്ങളായി പള്ളിക്ക് മുന്നിലിരുന്ന് ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധികയുടെ മരണത്തിന് പിന്നാലെ ഇവരുടെ വീട്ടിൽനിന്നു കണ്ടെടുത്തത് ലക്ഷങ്ങളുടെ സമ്പാദ്യം(Mandya mosque beggar savings shocker). മാണ്ഡ്യ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുട്ടലു ലേഔട്ടിൽ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂർ(69) എന്ന വയോധികയാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് വീട്ടിലെത്തിയപ്പോഴാണ് ചാക്കുകളിലും കവറുകളിലുമായി സൂക്ഷിച്ചുവച്ച വൻ നോട്ടുശേഖരം ശ്രദ്ധയിൽപ്പെടുന്നതെന്ന് വാർത്താ ഏജൻസിയായ ‘യുഎൻഐ’ റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ ചിരപരിചിത മുഖം | Mandya mosque beggar savings shocker
നഗരത്തിലെ റോഡുകളിലും ട്രാഫിക് ജങ്ഷനുകളിലും പ്രദേശത്തെ പള്ളിയുടെ പ്രവേശന കവാടത്തിലും സ്ഥിരമായി ഇരുന്ന് യാചിച്ചിരുന്ന നൂർ പ്രദേശവാസികൾക്ക് ചിരപരിചിതയായ മുഖമായിരുന്നു. കുടുംബം തന്നെ ഉപേക്ഷിച്ചുവെന്നും നിത്യച്ചെലവിനും അതിജീവനത്തിനും ഭിക്ഷാടനം മാത്രമാണ് ആശ്രയമെന്നുമാണ് ഇവർ ആളുകളോട് പറഞ്ഞിരുന്നത്. ദൈന്യത നിറഞ്ഞ മുഖവുമായി ഇരിക്കുന്ന ഇവരെ കണ്ട് പള്ളിയിലെത്തുന്ന വിശ്വാസികളും വഴിപോക്കരും വലിയ തോതിൽ പണവും നാണയത്തുട്ടുകളും നൽകിയിരുന്നു. എന്നാൽ, ഇങ്ങനെ ലഭിച്ച പണം ദിവസവും വീട്ടിലെത്തിച്ച് വലിയ ചാക്കുകളിലും സഞ്ചികളിലുമായി വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അസുഖങ്ങളെ തുടർന്ന് നൂർ മരണപ്പെടുന്നത്. അയൽവാസികളും അകന്ന ബന്ധുക്കളും ചേർന്നാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന വാടകവീട് വൃത്തിയാക്കാനും സാധനങ്ങൾ പരിശോധിക്കാനുമായി അകത്തുകയറിയപ്പോഴാണ് ചാക്കുകൾ നിറയെ നാണയങ്ങളും കറൻസി നോട്ടുകളും കണ്ടത്. നാട്ടുകാരുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ നടത്തിയ വിശദമായ എണ്ണലിൽ ചാക്കുകളിലെ പണവും ഇവരുടെ ബാങ്ക് അക്കൗണ്ടിലെ തുകയും ഉൾപ്പെടെ ആകെ സമ്പാദ്യം 30 ലക്ഷം മുതൽ 40 ലക്ഷം രൂപയോളം വരുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പണം നിരസിച്ച് സഹോദരന് | Mandya mosque beggar savings shocker
വൻ തുക കണ്ടെത്തിയതോടെ ഈ പണം എന്തുചെയ്യണമെന്നതിനെച്ചൊല്ലി നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും ചർച്ചകൾ ഉയർന്നു. നൂർ സ്ഥിരമായി ഭിക്ഷ യാചിച്ചിരുന്ന പള്ളിക്ക് ഈ തുക സംഭാവനയായി നൽകണമെന്ന് പ്രദേശവാസികളിൽ ചിലർ നിർദേശിച്ചെങ്കിലും പള്ളി കമ്മിറ്റി അത് നിരസിക്കുകയായിരുന്നു. യാചനയിലൂടെ ശേഖരിച്ച പണം സ്വീകരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് കമ്മിറ്റി സ്വീകരിച്ചത്. സാമ്പത്തികമായി നല്ല നിലയിലുള്ള ഇവരുടെ ഒരു സഹോദരനും പണം സ്വീകരിക്കാൻ വിസമ്മതിച്ചു. ഒടുവിൽ മറ്റൊരു സഹോദരനും കുടുംബവും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച ശേഷം പണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായത്.
വയോധികയുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നും പണത്തിന്റെ കാര്യത്തിൽ ആരും ഔദ്യോഗികമായി പരാതികളോ തർക്കങ്ങളോ ഉന്നയിക്കാത്തതിനാൽ കേസ് എടുക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും മാണ്ഡ്യ ഈസ്റ്റ് പോലീസ് വ്യക്തമാക്കി.