ഒരു സിഗരറ്റ് വാങ്ങാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്; ബെംഗളൂരുവിൽ എം.ബി.എ ബിരുദധാരി പിടിയിൽ
ബെംഗളൂരു: പലചരക്ക് കടയിൽ നിന്നും സിഗരറ്റ് വാങ്ങാൻ 500 രൂപയുടെ കള്ളനോട്ട് നൽകിയത് വൻ കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്താൻ പോലീസിനെ സഹായിച്ചു. സംഭവത്തിൽ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ മദനായകനഹള്ളിക്ക് സമീപം ഗംഗൊണ്ടനഹള്ളിയിൽ നിന്നും ഒരു എം.ബി.എ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ അടുത്തിടെ മാത്രം ജയിൽ മോചിതനായ രുദ്രേഷ് എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ രണ്ടിന് തുമക്കുരു ജില്ലയിലെ ഹൊസഹള്ളി കൈമാരയിലുള്ള 56 കാരിയായ അഞ്ജന ഷെട്ടിയുടെ പലചരക്ക് കടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീല നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ രണ്ടുപേർ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. ബാക്കി 370 രൂപ ഇവർക്ക് തിരികെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് നോട്ട് പരിശോധിച്ചപ്പോൾ സംശയം തോന്നിയ കടയുടമ ഉടൻ തന്നെ ഹുളിയാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഈ പരാതിയാണ് നിർണ്ണായകമായത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഹുളിയാർ, മദനായകനഹള്ളി പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കാർ കേന്ദ്രീകരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണം ഗംഗൊണ്ടനഹള്ളിയിലെ പ്രതിയുടെ ഒളിത്താവളത്തിലാണ് ചെന്നെത്തിയത്. ഇവിടെ നടത്തിയ റെയ്ഡിൽ കള്ളനോട്ടുകൾ പിടിച്ചെടുക്കുകയും രുദ്രേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2024ൽ ദാവൻഗരെ പോലീസ് രജിസ്റ്റർ ചെയ്ത 20 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിലെ പ്രധാന പ്രതിയാണ് എം.ബി.എക്കാരനായ രുദ്രേഷ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാൾ വീണ്ടും കള്ളനോട്ട് നിർമ്മാണം ആരംഭിക്കുകയായിരുന്നു. എത്ര രൂപയുടെ കള്ളനോട്ടുകൾ ഇവർ ഇതിനോടകം വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും, ഈ ശൃംഖലയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.