22/11/2026
[fontresizer_tawhidurrahmandear_widget]

‘ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ; പൊതുജനത്തിന്റെ വാഹനത്തിൽ നിന്ന് പെട്രോൾ കവരുന്നു’,ഇ20 വിഷയം ഏറ്റെടുത്ത് രാഹുൽ, മോദിയെ സംവാദത്തിന് വെല്ലുവിളിച്ചു

 ‘ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ; പൊതുജനത്തിന്റെ വാഹനത്തിൽ നിന്ന് പെട്രോൾ കവരുന്നു’,ഇ20 വിഷയം ഏറ്റെടുത്ത് രാഹുൽ, മോദിയെ സംവാദത്തിന് വെല്ലുവിളിച്ചു

ന്യൂഡൽഹി: ഇ20 പെട്രോളിൽ അനുവദനീയമായതിലും കൂടിയ അളവിൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന കണ്ടെത്തലിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിലയേറിയ പെട്രോളിന് പണം നൽകുന്ന സാധാരണക്കാരുടെ വാഹനങ്ങളിൽ കേന്ദ്രം നിറയ്ക്കുന്നത് എഥനോളാണെന്നും, പൊതുജനത്തിന്റെ കാറുകളിൽ നിന്ന് അവർ പെട്രോൾ കവരുകയാണെന്നും രാഹുൽ ആരോപിച്ചു. കർണാടക സർക്കാർ നടത്തിയ ലാബ് പരിശോധനയിൽ വിവിധ എണ്ണക്കമ്പനികളുടെ ഇ20 പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്.

പെട്രോളിൽ 20 ശതമാനം എഥനോളാണ് കലർത്തുന്നതെന്നാണ് മോദി സർക്കാർ പറയുന്നത്. എന്നാൽ പരിശോധിച്ച 14-ൽ 11 സാമ്പിളുകളിലും 20 ശതമാനത്തിൽ കൂടുതൽ എഥനോളുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ എൻജിനുകൾക്ക് ഇത്രയേറെ എഥനോൾ താങ്ങാൻ കഴിയില്ല. ഇതുകാരണം മൈലേജ് കുറയുകയും എൻജിൻ തകരാറിലാകുകയും ചെയ്യുന്നു. പമ്പുകൾ നിങ്ങളുടെ കാറുകളിൽ എന്താണ് നിറയ്ക്കുന്നതെന്ന് പറയുന്നില്ലെന്നും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥത്തിൽ പെട്രോളിൽ എത്ര ശതമാനം എഥനോൾ ഉണ്ടെന്നും, 20 ശതമാനത്തിൽ കൂടുതൽ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോൾ നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ, കേന്ദ്ര സർക്കാരിന്റെ നയങ്ങളിലൂടെ യഥാർത്ഥത്തിൽ ആർക്കാണ് ലാഭമുണ്ടാകുന്നതെന്നും ആരാഞ്ഞു.

കർണാടക സർക്കാരിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇ20 പെട്രോൾ സാമ്പിളിൽ 31.2 ശതമാനവും, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. ഭാരത് പെട്രോളിയത്തിൽ 26.5 ശതമാനവും നയാര എനർജിയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോളാണ് കണ്ടെത്തിയത്.

നിലവിലെ മാനദണ്ഡമനുസരിച്ച് പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ മാത്രമേ ചേർക്കാൻ പാടുള്ളൂ. പരിധി ലംഘിച്ച എണ്ണക്കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നും വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണക്കമ്പനികളുടെ ലാബുകളിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് സാമ്പിളുകൾ ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതെന്നും മന്ത്രി അറിയിച്ചു.

Also read: