27/09/2026
[fontresizer_tawhidurrahmandear_widget]

മതപഠന സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

 മതപഠന സ്ഥാപനങ്ങൾക്ക് നിയന്ത്രണം വേണം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, നിയന്ത്രണം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയിൽ മുൻ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറിയായ ടി.കെ. അനിൽ കുമാറിനോടാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും കേസിൽ തുടർന്നുള്ള നടപടികൾ തീരുമാനിക്കുക. അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീംകോടതി നടപടി. ഔപചാരിക സ്കൂൾ സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുകയും കുട്ടികൾക്ക് മതപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും കൃത്യമായ നിയന്ത്രണ സംവിധാനവും ഏർപ്പെടുത്തണമെന്ന ഹരജിയിൽ അടിയന്തര തീരുമാനമെടുക്കാൻ സുപ്രീംകോടതി മുൻപ് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് ഹരജിക്കാരന്റെ വാദം.

14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മതപരമോ മതേതരമോ ആയ പരിശീലനം നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും നിരീക്ഷിക്കാൻ പ്രത്യേക നിയന്ത്രണ സംവിധാനം കൊണ്ടുവരണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി, രജിസ്ട്രേഷൻ, കുട്ടികളുടെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ വ്യക്തമായ ചട്ടക്കൂട് ഉണ്ടാകണം. മുൻ ഉത്തരവുണ്ടായിട്ടും കേന്ദ്ര മന്ത്രാലയം നടപടിയെടുത്തില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി ജില്ലകളിൽ രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹരജിക്കാരൻ അവകാശപ്പെട്ടിരുന്നു. കൃത്യമായ നിയന്ത്രണമോ മേൽനോട്ടമോ ഇല്ലാതെ അതിർത്തി മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾ വർധിച്ചു വരികയാണ്. കുട്ടികൾ ദുർബല വിഭാഗമായതിനാൽ അവരുടെ വിദ്യാഭ്യാസവും ക്ഷേമവും സംരക്ഷിക്കാൻ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

Also read: