‘വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി മറുപടി പറയണം’; ഡൽഹി പി.ജി ദുരന്തത്തിൽ ആഞ്ഞടിച്ച് അഭിജിത് ദിപ്കെ
ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദയനീയ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്.
ദുരന്തത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത്. എന്നാൽ രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചോ ഹോസ്റ്റലുകളുടെ ദയനീയ അവസ്ഥയെക്കുറിച്ചോ മിണ്ടാൻ അദ്ദേഹം തയ്യാറായില്ലെന്ന് അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി. ‘ഹോസ്റ്റൽ ഡെയ്സ്’ കെട്ടിടം തകർന്നു വീണ് വിദ്യാർഥികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം രാജ്യ തലസ്ഥാനത്തെ സുരക്ഷാ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രമേഖലകളിലെ വിദ്യാർഥികൾക്ക് അർഹമായ പിന്തുണ ലഭിക്കാത്തതിന് പുറമെ, രാജ്യ തലസ്ഥാനത്തുപോലും വിദ്യാർഥികൾക്ക് ജീവന് സുരക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും അടിസ്ഥാനപരമായ അന്തസ്സും വിദ്യാർഥികൾക്ക് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ പ്രധാനമന്ത്രി മോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.