07/09/2026
[fontresizer_tawhidurrahmandear_widget]

‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ ഡാനിഷ് അലി

 ‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ ഡാനിഷ് അലി

ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയവരുടെ സുഹൃത്തുക്കളല്ല രാജ്യത്തെ യുവാക്കളെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടാണ് ഡാനിഷ് അലിയുടെ പരാമർശം. രാജ്യത്തെ യുവാക്കൾ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും, വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ചിന് ബെംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡാനിഷ് അലി.

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിക്കുന്നതിന് നൽകേണ്ടിവരുന്ന വില എന്താണെന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധി, ഗോവിന്ദ് പൻസാരെ, എം.എം കലബുർഗി, ജി.എൻ സായിബാബ, ഫാദർ സ്റ്റാൻ സ്വാമി എന്നിവരുടെ കൊലപാതകങ്ങൾക്ക് പിന്നിലും ഇതേ പ്രത്യയശാസ്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ തടവും ഇതിന്റെ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ട് കാര്യമില്ലെന്നും അഴിമതി പൂർണമായി പരിഹരിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കണമെന്നും ഐസ സംഘടിപ്പിച്ച ‘ക്യാമ്പസുകൾ തെരുവുകളിലേക്ക്’ എന്ന പാനൽ ചർച്ചയിൽ ഡാനിഷ് അലി ആവശ്യപ്പെട്ടു.

അനീതിക്കെതിരെ സംസാരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗൗരിയുടെ ജീവിതമെന്ന് ചടങ്ങിൽ സംസാരിച്ച എസ്എഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷ് അഭിപ്രായപ്പെട്ടു. 2014-ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ന്യൂനപക്ഷ-അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, അഭിപ്രായസ്വാതന്ത്ര്യം കൂടുതൽ തടസ്സപ്പെടുന്നുണ്ടെന്ന് അവർ ആരോപിച്ചു.

സർക്കാർ സ്‌കൂളുകളുടെ മോശം അവസ്ഥയ്ക്ക് കാരണം രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണെന്ന് കോക്രോച്ച് ജനത പാർട്ടി വക്താവ് അശുതോഷ് റാങ്ക വിമർശിച്ചു. ചടങ്ങിൽ ലക്ഷ്മിപതി സിജി, മീന കന്ദസാമി തുടങ്ങിയവരും പങ്കെടുത്തു.

Also read: