”ഇപ്പോൾ പഴയപോലെ ജോലി ചെയ്യാൻ കഴിയുന്നില്ല; പുതിയ തലമുറയ്ക്ക് അവസരം നൽകണം”-രാജിസൂചന നൽകി ഗഡ്കരി? | Union Minister Nitin Gadkari Retirement
മുംബൈ: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും വകുപ്പ് മാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായി നിലനിൽക്കുന്നതിനിടെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി(Union Minister Nitin Gadkari Retirement). നാഗ്പൂർ ജില്ലയിലെ കാറ്റോളിൽ നടന്ന ഏകലവ്യ ഏകൽ വിദ്യാലയ ടീച്ചർ സൂപ്പർവൈസർ ട്രെയിനിങ് ക്ലാസിൽ സംസാരിക്കവെയാണ്, തനിക്ക് ഇനി അധികനാൾ ജോലി ചെയ്യാനാകില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. എഥനോളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗഡ്കരിക്കെതിരെ വൻ വിമർശനം ഉയരുന്നതിനിടെയാണ് മുതിർന്ന ബിജെപി നേതാവിൻരെ തുറന്നുപറച്ചിൽ എന്നതും ശ്രദ്ധേയമാണ്.
‘എവിടെനിന്നെങ്കിലും സമോസ കഴിച്ച്, എവിടെയും കിടുന്നുറങ്ങിയ കാലമുണ്ടായിരുന്നു’ | Union Minister Nitin Gadkari Retirement
കഴിഞ്ഞ മുപ്പത് വർഷമായി താൻ പൊതുജീവിതത്തിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. ഈ കാലയളവിൽ നിരവധി ഉയർച്ചതാഴ്ചകൾ കണ്ടിട്ടുണ്ട്. ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് പഴയതുപോലെ കൂടുതൽ ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും പുതിയ തലമുറയ്ക്ക് മുന്നോട്ടുവരാൻ അവസരം നൽകണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോവിഡ് മഹാമാരിക്ക് ശേഷം തന്റെ ദൈനംദിന ജീവിതചര്യയിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ വരുത്തിയതായും ഗഡ്കരി കൂട്ടിച്ചേർത്തു. മുൻപ് പാർട്ടി പ്രവർത്തനങ്ങൾക്കിടയിൽ എവിടെനിന്നെങ്കിലും സമോസ കഴിച്ച്, എവിടെയെങ്കിലും കിടുന്നുറങ്ങുന്ന രീതിയായിരുന്നു. കോവിഡിന് ശേഷം ജീവിതത്തിൽ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ട്. ദിവസവും മുടങ്ങാതെ യോഗ ചെയ്യുന്നു. നല്ല ആരോഗ്യമില്ലെങ്കിൽ അധികാരവും പദവിയും കൊണ്ട് യാതൊരു പ്രയോജനവുമില്ല. ജീവിതം അമൂല്യമാണെന്നും പഴയൊരു ഗാനത്തിന്റെ വരികൾ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി(Union Minister Nitin Gadkari Retirement).
എഥനോളില്‍ തട്ടി രാജിയിലേക്കോ? | Union Minister Nitin Gadkari Retirement
പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന് മുതിർന്ന നേതാവ് പരസ്യമായി ആവശ്യപ്പെട്ടതോടെ, അദ്ദേഹം രാഷ്ട്രീയ ജീവിതത്തിൽനിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള ചർച്ചകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്നത്. എന്നാൽ, വിരമിക്കൽ സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും ഗഡ്കരിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം.
അതേസമയം, എഥനോൾ ചേർത്ത പെട്രോളിനെ ശക്തമായി പ്രോത്സാഹിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളിലും ഉപഭോക്താക്കളുടെ പരാതികളിലും പ്രതിപക്ഷ പാർട്ടികൾ സമീപകാലത്തായി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഗഡ്കരിയുടെ മക്കൾ ഉടമകളായ എഥനോൾ കമ്പനികൾ ഉയർത്തിയാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നത്.