02/09/2026
[fontresizer_tawhidurrahmandear_widget]

‘വിരമിക്കില്ല, ബിജെപിയെ അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരും’: മമത ബാനർജി

 ‘വിരമിക്കില്ല, ബിജെപിയെ അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരും’: മമത ബാനർജി

മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും ബി.ജെ.പിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തിങ്കളാഴ്‌ച ഫേസ്ബുക്ക് ലൈവിലൂടെയാണ് മമത തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

സർക്കാർ മാറി നാല് മാസത്തിനുള്ളിൽ തന്നെ ബി.ജെ.പിയുടെ യഥാർഥ മുഖം സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതായി മമത അവകാശപ്പെട്ടു. സെൻസസ് നടപടികളിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കാനുള്ള ‘പിന്നാമ്പുറ ശ്രമങ്ങൾ’ നടക്കുകയാണെന്നും അവർ ആരോപിച്ചു.

രാഷ്ട്രീയ പാർട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് സെൻസസ് നടപ്പാക്കുന്നത്. അതിനാൽ സെൻസസ് ഫോമുകളിൽ ഒപ്പിടുന്നതിലും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മമത മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിനെതിരായ പ്രതിഷേധങ്ങൾക്കിടയിലും മമത ബി.ജെ.പി സർക്കാരിനെ കടുപ്പത്തിൽ വിമർശിച്ചു. അർഹതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുകയാണെന്ന് അവർ ആരോപിച്ചു. തങ്ങൾ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനാണ് ലക്ഷ്‌മിർ ഭണ്ഡാർ പദ്ധതി ആരംഭിച്ചതെന്നും, എന്നാൽ അന്നപൂർണ ഭണ്ഡാറിന്റെ ആനുകൂല്യം നൽകുന്നതിൽ ബി.ജെ.പി സർക്കാർ മതവും ജാതിയും പരിഗണിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.

ജാദവ്‌പൂർ സർവകലാശാലയിൽ എ.ബി.വി.പി-ഇടതുപക്ഷ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലും മമത ബി.ജെ.പിക്കെതിരെ വിരൽചൂണ്ടി. ക്യാമ്പസിലെ അക്രമങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകുകയാണെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും താൻ വിദ്യാർഥികളെ ബഹുമാനിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ എസ്.ഐ.ആർ നടപടിയിലൂടെ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നിയമവിരുദ്ധമായി നീക്കം ചെയ്‌തതായും മമത ആരോപിക്കുന്നുണ്ട്. ആവശ്യമായി വന്നാൽ ഇവരെ വീണ്ടും ഉൾപ്പെടുത്തുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു.

Also read: