07/09/2026
[fontresizer_tawhidurrahmandear_widget]

‘നരാസ് ഫുഫാസ് മുതൽ ദിമാഗി നക്‌സൽ വരെ’; ലേബലുകൾ മാറിമാറി വരുന്നുണ്ടെങ്കിലും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് മാറ്റമില്ലെന്ന് മല്ലികാർജുൻ ഖാർഗെ

 ‘നരാസ് ഫുഫാസ് മുതൽ ദിമാഗി നക്‌സൽ വരെ’; ലേബലുകൾ മാറിമാറി വരുന്നുണ്ടെങ്കിലും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് മാറ്റമില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഭരണവീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാഷ്ട്രീയ ലേബലുകൾ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സിൻ്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് എക്‌സിലൂടെ ഖാർഗെയുടെ രൂക്ഷവിമർശനം.

സർക്കാർ പദ്ധതികളെ എതിർക്കുന്നവരെ പ്രസംഗത്തിൽ ‘നരാസ് ഫുഫാസ്’ (ആംഗ്രി അങ്കിൾസ്) എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, യുവജനക്ഷേമം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട വേദിയെ മോദി രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. പരാജയങ്ങൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തിന് മേൽ അധിക്ഷേപ മുദ്രകൾ ചാർത്തുന്നത് മോദിയുടെ പതിവ് തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘നരാസ് ഫുഫ, ദിമാഗി നക്‌സൽ, അർബൻ നക്‌സൽ, ഖാൻ മാർക്കറ്റ് ഗ്യാങ്, ആന്ദോളൻജീവി, പർജീവി’ എന്നിങ്ങനെ എല്ലാ വർഷവും പുതിയ വിശേഷണങ്ങൾ നൽകി ചോദ്യങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പേരുകൾ മാറിമാറി വരുമ്പോഴും മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് മാറ്റമില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, സർക്കാർ നിയമനങ്ങളിലെ കാലതാമസം, ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസച്ചെലവുകളിലെ വർധനവ്, സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കൽ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റം തുടങ്ങി രാജ്യത്തെ യുവാക്കൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നതുകൊണ്ട് പരിഹാരമാകില്ലെന്ന് ഖാർഗെ പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.

Also read: