അട്ടപ്പാടിയിൽ ഇരട്ടക്കൊല: ചാക്കിലെ എഴുത്തു കേന്ദ്രീകരിച്ച് അന്വേഷണം; ഒരു ചാക്കിൽ യുവതിയുടെ മൃതദേഹം, മറ്റൊന്നിൽ കുഞ്ഞിന്റെ തല; പ്രതി ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന
അട്ടപ്പാടി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് യുവതിയുടേയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളോടൊപ്പം ഒരു യുവതിയേയും കുഞ്ഞിനേയും പ്രദേശത്ത് കണ്ടിരുന്നതായും, പിന്നീട് ഇവരെ കാണാതായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. ഈ ചാക്കുകളിലെ എഴുത്തുകളിൽ നിന്നാണ് പൊലീസിന് നിർണായക സൂചനകൾ ലഭിച്ചത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കൈകാലുകൾ മടക്കി മൂന്ന് ചാക്കുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
സുമാർ 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും, അഞ്ച് വയസ്സുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലുള്ള മൃതദേഹം മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിൽ തള്ളിയതാണെന്നാണ് നിഗമനം.
ഒരാൾക്ക് മാത്രമായി ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാൽ കൃത്യത്തിന് പിന്നിൽ ഒന്നിലേറെ പേരുണ്ടെന്ന് സംശയിക്കുന്നു. തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിൽനിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകുന്നതാണ് ഭവാനിപ്പുഴ. അതിനാൽ മൃതദേഹങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് ഒഴുകിവന്നതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.