18/08/2026
[fontresizer_tawhidurrahmandear_widget]

സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി

 സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: വിനായക് ദാമോദർ സാവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ആവശ്യമായ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

ലഖ്നൗ എസിജെഎം കോടതി അയച്ച സമൻസിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹരജിയിലാണ് വിധി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ, 505 എന്നീ വകുപ്പുകൾ പ്രകാരം തനിക്കെതിരെ വിചാരണ ഉത്തരവിട്ട മജിസ്‌ട്രേറ്റ് കോടതി നടപടിയെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീം കോടതി, പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞു. എന്നാൽ അത്തരം അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കി. സി.ആർ.പി.സി സെക്ഷൻ 196 പ്രകാരം ഐ.പി.സി 153എ വകുപ്പിൽ കേസ് എടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

മുൻകൂർ അനുമതിയുടെ അഭാവത്തിൽ കേസ് ഫയലിൽ സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകളും പരാതിയും പൂർണമായി റദ്ദാക്കി. രാഹുൽ ഗാന്ധിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഘ്‌വി ഹാജരായി.

സാവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിലെ പരാമർശത്തിനെതിരെ അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെയാണ് പരാതി നൽകിയിരുന്നത്. മുൻപ് കേസിന്റെ നടപടികൾ സ്റ്റേ ചെയ്തവേളയിൽ, രാഹുലിന്റെ പരാമർശങ്ങളെ വിമർശിച്ച സുപ്രീം കോടതി, ഭാവിയിൽ ഇത് ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Also read: