‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു.
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും ദേശീയഗാനവും ദേശീയഗീതവും ഉൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മത്സരപ്പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെയും ആർഎസ്എസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച പരാമർശിച്ച ഖാർഗെ, വിവിധ ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസിന്റെ സ്വാധീനം വർധിച്ചുവരികയാണെന്ന് ആരോപിച്ചു. യു.ജി.സി-നെറ്റ് പരീക്ഷ വീണ്ടും നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനെയും പ്രൾഹാദ് ജോഷിയെയും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസിനെ ആയിരം തലയുള്ള വിഷപ്പാമ്പ് എന്ന് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വിശേഷിപ്പിച്ചതിനോടും ഖാർഗെ യോജിച്ചു. സംഘടനയുടെ സ്വാധീനം അതിനേക്കാൾ വ്യാപകമാണെന്നും സമൂഹത്തിൽ അസംതൃപ്തിയും വർഗീയതയും വളർത്താനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രനിർമാണത്തിൽ പങ്കില്ലാത്ത ആർഎസ്എസ് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.