17/08/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി; ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും എനിക്കറിയില്ല, തെളിയിച്ചാൽ ആത്മഹത്യ ചെയ്യാം’ :പി.സി. ജോർജ്

 ‘എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി; ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും എനിക്കറിയില്ല, തെളിയിച്ചാൽ ആത്മഹത്യ ചെയ്യാം’ :പി.സി. ജോർജ്

പി.സി. ജോർജ്

പൂഞ്ഞാർ: തന്റെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്നും ആ നന്ദി കൊണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിലാണ് ഇവർ കൂടുതൽ ഉള്ളതെന്നും പൂഞ്ഞാറിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തനിക്ക് ഒരൊറ്റ തന്തയേ ഉള്ളൂ എന്നും അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണെന്നും ഇനി പാർട്ടി മാറുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞാൻ ദൈവത്തെ സാക്ഷ്യപ്പെടുത്തി നിങ്ങളോട് ഒരു കാര്യം പറയട്ടെ. ഇലക്ഷൻ ഫണ്ട് എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ തെരഞ്ഞെടുപ്പിന് നിൽക്കില്ല എന്ന് ശപഥം ചെയ്തു പറഞ്ഞ ആളാണ്. എന്നാൽ, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വളരെ നിർബന്ധിച്ചു. ബിജെപിയുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും പൂഞ്ഞാറ്റിൽ വേറെ ആളില്ല നിൽക്കണം എന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് പൂഞ്ഞാറ്റിൽ കിട്ടിയത് 2900 വോട്ട് മാത്രമാണ്. ഇത്തവണ അത് ഞാൻ 36112 വോട്ടാക്കി ഉയർത്താൻ. സ്വാഭാവികമായിട്ട് പലർക്കും അതിന് എന്നോട് ഇച്ചിരി മനപ്രയാസവും വേദനയും ഒക്കെ ഉണ്ടാവാം. ആ വേദനയൊക്കെ മനസ്സിൽ വെച്ചുകൊണ്ട് ഇരുന്നാൽ മതി. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ? ദൈവം എനിക്ക് അനുകൂലമായി, ജനം അനുകൂലമായി വോട്ട് ചെയ്തു. അതിന് വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല” എന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം എരുമേലിയിൽ വെച്ച് നടന്ന യോഗത്തിലെ സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു. തോറ്റതിന് പിന്നാലെ 4.45 കോടി രൂപയുടെ വിഹിതം എവിടെയെന്ന് ചോദ്യമുയർന്നപ്പോൾ താൻ ദേഷ്യപ്പെടുകയായിരുന്നു. തോറ്റു കഴിഞ്ഞിട്ട് വർത്തമാനം പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതി അന്ന് ഇറങ്ങിപ്പോന്നെങ്കിലും പിന്നീട് പാർട്ടി നേതൃത്വം ഔദ്യോഗിക കണക്കുകൾ മുഴുവനായി കാണിച്ചു തന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 100 രൂപയുടെ കണക്ക് വരെ വ്യക്തമായി ഉണ്ടായിരുന്നുവെന്നും ആരും പണം തട്ടിയെടുത്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരു അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയാണെന്നിരിക്കെ തനിക്ക് അത്രയും പോലും ചിലവായിട്ടില്ലെന്നും, എരുമേലിയിൽ താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് സമ്മതിച്ച് ക്ഷമ ചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സജി കുരീക്കാട്ട് അടക്കമുള്ള നേതാക്കൾ മാന്യന്മാരാണെന്നും, താൻ ആരോടെങ്കിലും പണം വാങ്ങിയതായോ കൊടുത്തതായോ തെളിയിച്ചാൽ ആത്മഹത്യ ചെയ്യാൻ വരെ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. വോട്ട് പിടിക്കാൻ ഓടിനടന്നതുകൊണ്ടാണ് വോട്ട് വിഹിതം 36,112 ആയി ഉയർന്നതെന്നും അത് വെറുതെ കിട്ടിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ബിജെപിയിൽ വെറുതെ ചേർന്നതല്ല. ഞാൻ പച്ചക്ക് പറയുകയാ, എന്റെ ജീവൻ രക്ഷിക്കാൻ വന്നത് ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. എല്ലാ മതത്തിലും തീവ്രവാദികൾ ഉണ്ട്. ക്രിസ്ത്യാനികളിലും ഹിന്ദുവിലും മുസ്‌ലിമിലും തീവ്രവാദികൾ ഉണ്ട്. പക്ഷേ മുസ്‌ലിമിൽ തീവ്രവാദികൾ കൂടുതലാണ്. അതാണ് സത്യം. ആ തീവ്രവാദികൾ എന്നെ കൊല്ലാൻ വേണ്ടി വന്നപ്പോൾ രണ്ടു പ്രാവശ്യം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണ് എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ ഞാൻ കൊല ചെയ്യപ്പെടുമായിരുന്നു. എന്നെ സംരക്ഷിച്ചതിലുള്ള സ്നേഹം കൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഇപ്പോൾ ഇനി പാർട്ടി മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. ആരും ചിന്തിക്കുക പോലും വേണ്ട. എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് ബഹുമാനപ്പെട്ട നരേന്ദ്രമോദിജി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ല. ഇതാണ് സത്യം” എന്നും പി.സി. ജോർജ് മാധ്യമങ്ങളോട് ഉറപ്പിച്ചു പറഞ്ഞു.

Also read: