17/08/2026
[fontresizer_tawhidurrahmandear_widget]

‘അംബേദ്കറെ അപമാനിച്ചവർ കോൺഗ്രസിനോട് മാപ്പു പറയാൻ ആവശ്യപ്പെടുന്നു, പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാലുള്ള ശ്രമം’ -ജയ്റാം രമേശ്

 ‘അംബേദ്കറെ അപമാനിച്ചവർ കോൺഗ്രസിനോട് മാപ്പു പറയാൻ ആവശ്യപ്പെടുന്നു, പരാജയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാലുള്ള ശ്രമം’ -ജയ്റാം രമേശ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുകയും, 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടികാണിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് കോൺഗ്രസിനോട് മാപ്പുപറയാൻ ആവശ്യപ്പെടുന്നതെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. ഭരണരംഗത്തെ പരാജയങ്ങളിൽ നിന്നും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അമിത് ഷായും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘2024 ഡിസംബർ 17-ന് രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച വ്യക്തിയാണ് അമിത് ഷാ. 2002 ജനുവരിവരെ സ്വന്തം പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് രാജ്യത്തിന്റെ ത്രിവർണപ്പതാക ഉയർത്താൻപോലും മടികാണിച്ച പ്രത്യയശാസ്ത്രത്തിൽനിന്നാണ് അദ്ദേഹം വരുന്നത്. സമാധാനപരമായി പ്രതിഷേധിച്ച ചെറുപ്പക്കാർക്കുനേരെ ഡൽഹി പോലീസ് അഴിച്ചുവിട്ട ക്രൂരതയ്ക്ക് നേരിട്ട് ഉത്തരവാദിയും ഈ വ്യക്തിതന്നെ. അദ്ദേഹമാണിപ്പോൾ കോൺഗ്രസിനോട് മാപ്പപേക്ഷ ആവശ്യപ്പെട്ട് രംഗത്തുവരുന്നത്. രാജ്യത്തെ ഇന്നത്തെ യഥാർത്ഥ പ്രശ്നങ്ങളെ നേരിടുന്നതിൽ അദ്ദേഹത്തിനും യജമാനനും സംഭവിച്ച തോൽവിയിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ മാപ്പപേക്ഷ.’- ജയ്റാം രമേശ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യക്തമാക്കി.

ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കങ്ങൾ ഉടലെടുത്തത്. ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ശേഷവും ഗാനം തുടർന്നുപോയതോടെ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടപെടുകയും ആലാപനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. ഈ സംഭവം മുൻനിർത്തിയാണ് അമിത് ഷാ രൂക്ഷപ്രതികരണം നടത്തിയത്.

“സോണിയാ ജി, 140 കോടി ജനങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ചെയ്ത ഈ പാപത്തിന് ഈ രാജ്യത്തെ ജനങ്ങൾ മാപ്പ് തരില്ല. വന്ദേമാതരം അപൂർണമായി അവസാനിപ്പിക്കുന്നത് ആർക്കെങ്കിലും സ്വപ്നം കാണാനെങ്കിലും കഴിയുമോ? കോൺഗ്രസുകാർക്ക് ലജ്ജ തോന്നേണ്ടതാണ്. അൽപമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയണം,” എന്നായിരുന്നു അമിത് ഷായുടെ വാദങ്ങൾ.

Also read: