17/08/2026
[fontresizer_tawhidurrahmandear_widget]

‘അമ്മ ആരാണെന്നറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’; ആർഎസ്എസ് വേദിയിൽ വിവാദ പരാമർശങ്ങളുമായി കേരള സർവകലാശാല വിസി

 ‘അമ്മ ആരാണെന്നറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’; ആർഎസ്എസ് വേദിയിൽ വിവാദ പരാമർശങ്ങളുമായി കേരള സർവകലാശാല വിസി

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വന്ദേമാതരത്തെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. സ്വന്തം അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും, കാലക്രമേണ ഈ നാടുമാറുന്നതിനൊപ്പം അവരും മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ആർഎസ്എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വി.സി.

ഭാരതം അമ്മയായതിനാലാണ് നാം വന്ദേമാതരം എന്ന് പാടുന്നതെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവ്. അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ട്. പ്രത്യേകിച്ച് ഗൃഹനാഥയ്ക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയ്ക്കാണ് എക്കാലത്തും ഏറ്റവും പ്രധാന്യം. അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്നും വന്ദേമാതരം എന്നും പറയുന്നത്. അമ്മ എന്താണെന്നും ആരാണെന്നും തിരിച്ചറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് പറയുമെന്നും വി.സി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വി.സിയുടെ ഈ രാഷ്ട്രീയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Also read: