11/06/2026
[fontresizer_tawhidurrahmandear_widget]

ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം: കേന്ദ്രത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ

 ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം: കേന്ദ്രത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ

ന്യൂഡൽഹി: ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എൻഎസ്എഫ്) രംഗത്തെത്തി. ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കുലർ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു.

കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ 10 പേജുള്ള ഉത്തരവിലാണ് ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചത്. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റു നിൽക്കണമെന്നും സ്‌കൂളുകളിലെ പ്രവർത്തനങ്ങൾ ഗാനത്തോടെ ആരംഭിക്കാമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, നാഗാ ജനതയുടെ ചരിത്രപരവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ പരിഗണിക്കാത്ത ഇത്തരം അടിച്ചേൽപ്പിക്കലുകൾ അംഗീകരിക്കാനാവില്ലെന്ന് എൻഎസ്എഫ് വ്യക്തമാക്കി.

ഭരണഘടനാ ചട്ടക്കൂടുകളെ ബഹുമാനിക്കുമ്പോൾ തന്നെ, നാഗാ മാതൃഭൂമിയിൽ സാംസ്‌കാരികമോ പ്രത്യയശാസ്ത്രപരമോ ആയ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സംഘടന ചൂണ്ടിക്കാട്ടി. നാഗാലാൻഡിലെ സ്‌കൂളുകളിൽ ഇത്തരത്തിലുള്ള യാതൊരു നിർദ്ദേശങ്ങളും നടപ്പിലാക്കരുതെന്ന് വിദ്യഭ്യാസ ബോർഡിനോടും (എൻബിഎസ്ഇ) സ്‌കൂൾ അധികൃതരോടും എൻഎസ്എഫ് ആവശ്യപ്പെട്ടു. അടിസ്ഥാന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്താതെയും ഇത്തരം പ്രോട്ടോക്കോളുകൾ നടപ്പിലാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് വിദ്യാർത്ഥി സംഘടന നൽകിയിരിക്കുന്നത്.

Also read: