10/08/2026
[fontresizer_tawhidurrahmandear_widget]

ഗുണനിലവാരമില്ലാത്ത ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വിൽപ്പന നിരോധിച്ചു

 ഗുണനിലവാരമില്ലാത്ത ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വിൽപ്പന നിരോധിച്ചു

കൊല്ലം: വ്യാജ മേൽവിലാസത്തിൽ നിർമിച്ച് വിപണിയിലെത്തിച്ച ‘കേര ഡയമണ്ട്’ ബ്രാൻഡ് വെളിച്ചെണ്ണയുടെ സംഭരണവും വിതരണവും വിൽപ്പനയും നിരോധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. കുന്നത്തൂർ, ചടയമംഗലം ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിങ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട്’ എന്ന വിലാസത്തിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ നിർമ്മാണ വിലാസം വ്യാജമാണെന്ന് തെളിഞ്ഞു.

ഈ സാഹചര്യത്തിൽ ബ്രാൻഡിലോ വിലാസത്തിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികൾ സ്റ്റോക്ക് ചെയ്യാനോ വിൽപ്പന നടത്താനോ പാടില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പരിചയമില്ലാത്ത ബ്രാൻഡുകളുടെയും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ പൊതുജനങ്ങൾ വാങ്ങരുതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്.

Also read: