‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം, പരമമായ സത്യം’; ഫോട്ടോയുമായി മിയ
കൊച്ചി: ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടി മിയ ജോർജ്. മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പുറത്തുവിട്ടത്. ‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’ എന്ന പ്രയോഗം പരമമായ സത്യമാണെന്ന് കുറിച്ചുകൊണ്ടാണ് മിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘ഇന്നലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ, സാക്ഷാൽ ഇതിഹാസം നമ്മുടെ മമ്മൂക്ക’ എന്നാണ് മിയ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ, ചിത്രമെടുത്ത രമേഷ് പിഷാരടിക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാപ്രവർത്തകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അവതാരകനായ ജീവ ‘ഈ മനുഷ്യൻ’ എന്ന് കമന്റ് ചെയ്തപ്പോൾ, മമ്മൂട്ടിയുടെ പ്രായം തോന്നിപ്പിക്കാത്ത സൗന്ദര്യത്തെയും ചെറുപ്പത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
2018-ൽ പുറത്തിറങ്ങിയ ‘പരോൾ’ എന്ന ചിത്രത്തിലും അതിനുമുമ്പ് ‘ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും മിയ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമേ, ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഭാഗമായി മമ്മൂട്ടി കമ്പനിക്ക് വേണ്ടി മമ്മൂട്ടിയെ അഭിമുഖം ചെയ്തതും മിയ ജോർജാണ്.