‘മഹാനടനെ നിരന്തരം വേട്ടയാടുന്നു, മമ്മൂട്ടി നാടിന്റെ പൊതുസ്വത്ത്; സൈബർ ആക്രമണം അപലപനീയം’: വിമർശനവുമായി പി. ജയരാജൻ
തിരുവനന്തപുരം: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണങ്ങളിൽ വിമർശനവുമായി പി. ജയരാജൻ. മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമെന്നും അദ്ദേഹം വിമർശിച്ചു. മമ്മൂട്ടി നാടിന്റെ സ്വത്താണെന്നും അദ്ദേഹവുമായി സൗഹൃദം പങ്കുവെക്കുന്നതിൽ രാഷ്ട്രീയം കാണേണ്ട എന്നും പി. ജയരാജൻ എഫ്ബി പോസ്റ്റിൽ പറഞ്ഞു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണെന്ന് ജയരാജൻ വ്യക്തമാക്കി. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും പി. ജയരാജൻ അഭിപ്രായപ്പെട്ടു.
പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണെന്നും ജയരാജൻ വിമർശിച്ചു. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.