27/09/2026
[fontresizer_tawhidurrahmandear_widget]

‘ഷാപ്പുകൾക്ക് ദൂരപരിധി 400 മീറ്റർ, തമ്പ്രാക്കളുടെ ബാറിന് 50 മീറ്റർ’; പിണറായി ഭരണത്തെ വിമര്‍ശിച്ച് ബിനോയ് വിശ്വം

 ‘ഷാപ്പുകൾക്ക് ദൂരപരിധി 400 മീറ്റർ, തമ്പ്രാക്കളുടെ ബാറിന് 50 മീറ്റർ’; പിണറായി ഭരണത്തെ വിമര്‍ശിച്ച് ബിനോയ് വിശ്വം

വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം ഇണ്ടത്തുരുത്തിമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “നമ്മുടെ തോൽവിയെ അങ്ങനെ തന്നെ കാണണം. തോൽവിയാണത്. നാം വീണാൽ പറയും, അത് വീഴ്ചയാണെന്ന്; വിദ്യയാണെന്ന് പറയില്ല. തോറ്റപ്പോൾ നാം ചോദിച്ചു, തോറ്റത് എന്തുകൊണ്ടാണ്? തെക്കും വടക്കും പറയുന്നൊരു കാര്യം, നമ്മുടെ ആളുകൾ നമുക്ക് വോട്ട് ചെയ്തില്ല എന്നാണ്. നമ്മുടെ വർഗബന്ധുക്കൾ നമുക്ക് വോട്ട് ചെയ്തില്ല. നമ്മുടെ കുടുംബങ്ങൾ നമുക്ക് വോട്ട് ചെയ്തില്ല. അവർ വോട്ട് ചെയ്യാത്തത് തെറ്റായിപ്പോയി. എന്നാൽ ആ തെറ്റ് എന്തുകൊണ്ട് വന്നു എന്ന ചിന്ത നമുക്ക് വേണം. എന്തുകൊണ്ടാണ് ജനങ്ങൾ അകന്നതെന്ന് തിരിച്ചറിയാൻ മുന്നണി തയ്യാറാകണം. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. തോൽവിയെക്കുറിച്ച് പഠിക്കുമ്പോൾ ഈ ചോദ്യം നാം ചോദിക്കണം. പാർട്ടി ബന്ധുക്കളെ, നമ്മുടെ എല്ലാം എല്ലാമായവരെ, നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, കേട്ടോ, പഠിച്ചോ? ഏറ്റവും ചെറിയ ആവശ്യംപോലും നാം അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണം,” ബിനോയ് വിശ്വം വ്യക്തമാക്കി.

എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ ഗവൺമെന്റ്, നമ്മളെല്ലാം ആഗ്രഹിച്ച പോലെ പോകാൻ ശ്രമിച്ചിട്ടില്ല. വീഴ്ച തന്നെയാണത്. ആ വീഴ്ചയിൽ എഐടിയുസിക്ക് അന്നും ഇന്നുമുണ്ട് പ്രതിഷേധം. അത് ഞാൻ മറച്ചുവെക്കുന്നില്ല. ഷാപ്പുകൾക്ക് ദൂരപരിധി 400 മീറ്റർ, തമ്പ്രാക്കളുടെ ബാറിന് 50 മീറ്റർ, ഫൈവ് സ്റ്റാർ ആണെങ്കിൽ അല്ലെങ്കിൽ 200 മീറ്റർ. അതെന്ത് ന്യായം? അന്യായമാണ്. 400 മീറ്റർ ദൂരപരിധി കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ പലതവണ സിപിഐ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. എന്നാൽ നടപടിയുണ്ടായില്ല. ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചത്. ഇത് മനസിലാക്കേണ്ടത് ഇടതുപക്ഷമാണ്. കള്ള് വ്യവസായത്തെ രക്ഷിക്കാൻ കടപ്പെട്ട രാഷ്ട്രീയം ഇടതുപക്ഷമാണ്. ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം. ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നത്,” ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Also read: