‘ഒരു തെറ്റും ചെയ്തിട്ടില്ല, ഇഡി റിപ്പോർട്ടിലെ അന്വേഷണം പൊതുസമൂഹം ചർച്ച ചെയ്യും’: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ അഭിമുഖീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും തനിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ല. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തത്. ആളുകളെ ഭയപ്പെടുത്തിയാണ് ഇഡി മൊഴിയെടുത്തതെന്നും ഇതിനെതിരെ വക്കീൽ നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി. ബിജെപി ഇതര പാർട്ടികൾക്കെതിരെ ഇഡി നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങളെ മുൻപന്തിയിൽ നിന്ന് എതിർത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിഎംആർഎൽ കമ്പനിയിൽ നിന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനം സേവനം നൽകാതെ കൈപ്പറ്റിയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തിയത്. തുടര്‍ന്ന്, പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഎംഎൽഎ സെക്ഷൻ 66(2) പ്രകാരം ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേസിൽ ക്രൈംബ്രാഞ്ച് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണോ അതോ പ്രാഥമിക അന്വേഷണം നടത്തണോ എന്നതിൽ സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ലഭിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് വൈകിട്ട് മാർച്ചും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.