21/11/2026
[fontresizer_tawhidurrahmandear_widget]

മന്ത്രിസഭയിൽ ഒറ്റയാനായി മുഖ്യമന്ത്രി; വിഡി സതീശൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് മന്ത്രിമാർ; ഗ്രൂപ്പ് കളി കാബിനറ്റിലേക്കും!

 മന്ത്രിസഭയിൽ ഒറ്റയാനായി മുഖ്യമന്ത്രി; വിഡി സതീശൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് മന്ത്രിമാർ; ഗ്രൂപ്പ് കളി കാബിനറ്റിലേക്കും!

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ആറുമാസം പിന്നിടുമ്പോൾ, മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകൾ മറനീക്കി പുറത്തുവരുന്നു. ഏറ്റവും ഒടുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തർക്കം.

പി.എസ്.സിയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്ന അഞ്ചുപേരുടെ പേരുകൾ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഈ പേരുകൾ എവിടെ ചർച്ച ചെയ്താണ് തീരുമാനിച്ചതെന്ന ചോദ്യവുമായി റവന്യു മന്ത്രി എ.പി അനിൽകുമാർ പരസ്യമായി രംഗത്തെത്തി. പാർട്ടിയിൽ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് അംഗങ്ങളെ തീരുമാനിച്ചതെന്നായിരുന്നു അനിൽകുമാറിന്റെ പ്രധാന ആരോപണം. കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ അനിൽകുമാർ ഉന്നയിച്ച ഈ വിമർശനമാണ് പിന്നീട് രൂക്ഷമായ തർക്കത്തിലേക്ക് വഴിമാറിയത്.

കെപിസിസി അധ്യക്ഷൻ കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. പല നിർണായക തീരുമാനങ്ങളും താൻ അറിയുന്നില്ലെന്നും, വകുപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് മനസ്സിലാക്കുന്നതെന്നുമുള്ള മുൻ ആരോപണം അദ്ദേഹം മന്ത്രിസഭാ യോഗത്തിലും ആവർത്തിച്ചു. എന്നാൽ, പി.എസ്.സിയിൽ അസാധാരണമായ ഒരു സാഹചര്യമാണുള്ളതെന്നും, ചെയർമാനും അംഗങ്ങൾക്കുമെതിരെ രാഷ്ട്രപതിയുടെ നടപടി എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നതിനാലാണ് പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ചില അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാദപ്രതിവാദങ്ങൾക്കൊടുവിൽ അഞ്ചുപേരുടെ പി.എസ്.സി നിയമനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ഇതിന് പുറമെ, ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിൽ പ്രാതിനിധ്യം കുറഞ്ഞതും നിയമനം വൈകുന്നതുമായ വിഷയം മന്ത്രി ഷിബു ബേബി ജോണും യോഗത്തിൽ ഉന്നയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിലും മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് അനിൽകുമാർ വീണ്ടും വിമർശിച്ചു. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ ഇടപെടുകയായിരുന്നു. താനുമായി കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രനെ തിരഞ്ഞെടുത്തത് എല്ലാവരുമായി ചർച്ച ചെയ്ത ശേഷമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഹിന്ദുമന്ത്രിമാർ ഒപ്പിടാതിരുന്നതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനം, യോഗത്തിലെ ധാരണയെത്തുടർന്ന് അംഗീകരിക്കപ്പെടുകയും ചെയ്തു. തർക്കങ്ങളുണ്ടായെങ്കിലും എല്ലാം പരിഹരിച്ചുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കെ. മുരളീധരൻ പറഞ്ഞതോടെ, ഈ വിഷയത്തിൽ നേരത്തെ വന്ന മാധ്യമ റിപ്പോർട്ടുകൾ ശരിവെക്കപ്പെടുകയായിരുന്നു.

മുന്നണി യോഗങ്ങൾ ചേരാത്തതിലും തീരുമാനങ്ങളിൽ കൂടിയാലോചനകൾ ഇല്ലാത്തതിലും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സമീപകാലത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയോടുള്ള ഈ അതൃപ്തിയുടെ തുടർച്ചയായാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ അദ്ദേഹം പരിഹസിച്ചത്. വൈദ്യുതി വകുപ്പിലെ തീരുമാനങ്ങൾ താനറിയുന്നില്ലെന്ന സണ്ണി ജോസഫിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. എന്നാൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, കെപിസിസി അധ്യക്ഷനുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നുമാണ് വി.ഡി സതീശൻ വിഭാഗം നൽകുന്ന വിശദീകരണം.

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ റദ്ദാക്കിയതാണ് സർക്കാരിൽ ആദ്യത്തെ ഭിന്നതയ്ക്ക് കാരണമായത്. ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് എതിർവിഭാഗം മന്ത്രിസഭാ യോഗത്തെ തർക്കവേദിയാക്കുന്നതെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലും ഇത് പ്രതിഫലിച്ചേക്കാം. മന്ത്രിസഭയിലെത്തിയതിന് ശേഷം കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. വർക്കിങ് പ്രസിഡന്റുമാർ ഉൾപ്പെടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തേക്കാം. ഇതിനിടെ, സർക്കാരിനെ വിമർശിക്കുന്ന യുഡിഎഫ് കൺവീനറെ മാറ്റണമെന്ന ആവശ്യവും വി.ഡി വിഭാഗം ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ചൊല്ലിയുള്ള തർക്കങ്ങൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ചോദ്യം ചെയ്യുമ്പോൾ, കഴിഞ്ഞ കോൺഗ്രസ് സർക്കാരുകളിലെ ഗ്രൂപ്പ് പോരുകളും ഭിന്നതകളും വീണ്ടും ആവർത്തിക്കപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

Also read: