21/11/2026
[fontresizer_tawhidurrahmandear_widget]

‘തോറ്റവന്റെ വർഗീയത’; ‘ലീഗെന്ന് കേൾക്കുമ്പോൾ അറിയാതെ ഉള്ളിലെ വിദ്വേഷം പുറത്തേക്ക് വമിക്കും, കെടികക്ക് ഒരു ശൈലിയുണ്ട്, എന്തിനേയും വെല്ലുവിളിക്കും, വേണ്ടി വന്നാൽ ഹിമാലയത്തെ വെല്ലുവിളിക്കും’; കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് ചന്ദ്രിക എഡിറ്റോറിയൽ

 ‘തോറ്റവന്റെ വർഗീയത’; ‘ലീഗെന്ന് കേൾക്കുമ്പോൾ അറിയാതെ ഉള്ളിലെ വിദ്വേഷം പുറത്തേക്ക് വമിക്കും, കെടികക്ക് ഒരു ശൈലിയുണ്ട്, എന്തിനേയും വെല്ലുവിളിക്കും, വേണ്ടി വന്നാൽ ഹിമാലയത്തെ വെല്ലുവിളിക്കും’; കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് ചന്ദ്രിക എഡിറ്റോറിയൽ

മലപ്പുറം: തവനൂരിലെ തോൽവിക്ക് ശേഷം മുൻ മന്ത്രി കെ.ടി ജലീൽ മുസ്‌ലിം ലീഗിനെതിരെ പച്ചക്കള്ളങ്ങളും വർഗീയതയും പ്രചരിപ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക. ‘തോറ്റവന്റെ വർഗീയത’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് കെ.ടി ജലീലിനെതിരെ രൂക്ഷമായ പരിഹാസങ്ങളുള്ളത്. അധികാരത്തിലിരിക്കെ അഴിമതിയുടെ പേരിൽ രാജിവെച്ചൊഴിയേണ്ടി വന്ന ജലീൽ, ഇപ്പോൾ സി.പി.എമ്മിന് നേതാക്കളില്ലാത്ത മലപ്പുറത്ത് ആ സ്ഥാനത്തേക്ക് വലിഞ്ഞുകയറാനാണ് ലീഗിനെ കടന്നാക്രമിക്കുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് സിമിയിലൂടെ കടന്നുവന്ന ജലീൽ, പിന്നീട് എ.കെ.ജിയും ഇ.എം.എസുമില്ലാത്ത സ്വർഗത്തിലേക്കില്ലെന്ന് പറയുന്നതിലേക്ക് മാറിയ ആളാണ്. ഇപ്പോൾ മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തി പത്തരമാറ്റ് മതേതരനാണെന്ന് തെളിയിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. സി.പി.എമ്മിൽ നിന്നാൽ രണ്ട് തവണ മാത്രമേ മത്സരിക്കാൻ കഴിയൂ എന്നറിയാവുന്നതുകൊണ്ട്, വീടിന്റെ ഇറയത്ത് ആട് കയറി നിൽക്കുന്ന പോലെയാണ് ജലീൽ പാർട്ടി സഹയാത്രികനായി നിന്നത്. അധികാരത്തോട് ആർത്തിയില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുമെങ്കിലും അതൊരിക്കലും പ്രാവർത്തികമാക്കിയിട്ടില്ല. പുറത്തുനിന്ന് നാല് തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമാകാൻ ഈ തന്ത്രത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.

അമേരിക്കയിലെ മിഷിഗണിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മുഹമ്മദ് അൽ സഈദ് വിജയിച്ചത് ചൂണ്ടിക്കാട്ടി ജലീലിട്ട പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. മൂന്ന് ശതമാനം മാത്രം മുസ്ലിംകളുള്ള അവിടെ ഒരു മുസ്ലിം വിജയിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നായിരുന്നു ജലീലിന്റെ വാദം. എന്നാൽ കെ.ടി ജലീൽ എട്ടുനിലയിൽ പൊട്ടിയ തവനൂരിൽ വി.എസ് ജോയി വിജയിച്ചതും ഇതേ ജനാധിപത്യത്തിന്റെ സൗന്ദര്യമല്ലേയെന്ന് പുതുതലമുറ കമന്റിലൂടെ തിരിച്ചടിച്ചു. ഇതിൽ നിന്നും തലയൂരാനാണ് 22 മണ്ഡലങ്ങളിലും ലീഗ് മതം പറഞ്ഞാണ് ജയിച്ചതെന്നും, സംവരണമില്ലാത്ത ഒരു പഞ്ചായത്ത് പ്രസിഡന്റോ മുൻസിപ്പൽ ചെയർമാനോ ലീഗിനില്ലെന്നും ജലീൽ വാദിച്ചത്. എന്നാൽ മലപ്പുറത്തെ ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇതിന് കൃത്യമായ മറുപടി നൽകിയതോടെ ജലീൽ പത്തിതാഴ്ത്തി മാളത്തിലൊളിച്ചുവെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു.

എന്തിനെയും ഏതിനെയും വെല്ലുവിളിക്കുന്ന പ്രകൃതമാണ് ജലീലിന്റേത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തൊടാൻ ലീഗിനോ കോൺഗ്രസിനോ കഴിയില്ലെന്ന് വെല്ലുവിളിച്ച ജലീൽ, ഒടുവിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്ക് മുന്നിൽ കമിഴ്‌ന്നടിച്ച് വീഴുന്നതാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. വീണതല്ല, സാഷ്ടാംഗം പ്രണമിച്ചതാണെന്നാണ് സി.പി.എമ്മുകാർ തന്നെ പറയുന്നത്. ലീഗിനെ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ പച്ചക്കള്ളങ്ങളും മതവിദ്വേഷവും കുത്തിവെച്ച് മലപ്പുറത്തെ അപരവൽക്കരിക്കുന്നത് മുൻപും സി.പി.എം പയറ്റിപ്പരാജയപ്പെട്ട തന്ത്രമാണെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.

ഇത്തവണത്തെ ദയനീയ തോൽവിയോടെ ഇനി ആരും മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന തിരിച്ചറിവിലാണ് വിസിബിലിറ്റിക്ക് വേണ്ടി ജലീൽ ലീഗിനെതിരെ തിരിയുന്നത്. ഇനിയും പാർട്ടികൾ ബാക്കിയുള്ളതുകൊണ്ട് നാളെ ബി.ജെ.പിയിലേക്ക് ചേക്കേറിയാലും അത്ഭുതപ്പെടാനില്ല. സ്വന്തം ഭാര്യയോട് വായ്പ വാങ്ങിയാണ് ജീവിക്കുന്നതെന്ന മാസ് ഡയലോഗടിച്ച് താൻ പിടിച്ച മുയലിന് നാല് കൊമ്പുണ്ടെന്ന് അദ്ദേഹം അന്നും ഫേസ്ബുക്കിൽ ന്യായീകരിക്കുമെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു.

Also read: