‘മഴ പെയ്താൽ ഉറങ്ങാനാവുന്നില്ല, പുതിയ വീട് വെച്ചുതരുമോ?’; കുഞ്ഞ് റുവാനിയുടെ വിളി കേട്ട് മുഖ്യമന്ത്രി, സ്വപ്നവീടിന്റെ താക്കോൽ കൈമാറി
തിരുവനന്തപുരം: “രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല… അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ… അതിൽ ഞങ്ങളുറങ്ങാം… ഞാൻ വലുതാകുമ്പോൾ പൈസ തരാം” എന്ന് മുഖ്യമന്ത്രിയോട് സഹായം ചോദിക്കുന്ന റുവാനി എന്ന കൊച്ചുകുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. വിഴിഞ്ഞം മുല്ലൂർ ഗവ.കെ.വി.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് റുവാനി.
കുട്ടിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ വാർത്തയായതിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തിനെ വിളിച്ച് വീട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റുവാനിക്കും കുടുംബത്തിനും വീടൊരുങ്ങിയിരിക്കുകയാണ്. റുവാനിക്കും കുടുംബത്തിനുമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പിന്റെ സഹായത്തോടെ മൂന്ന് മാസം കൊണ്ടാണ് വീട് പൂർത്തീകരിച്ചത്. റുവാനിയുടെ തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും എം.ജി.എം ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
റുവാനിയുടെ പിതാവ് റിഗിൽ ഓട്ടോ ഡ്രൈവറാണ്. രണ്ടര സെന്റ് വസ്തുവിലെ ഷീറ്റ് മേഞ്ഞ ചായ്പ് ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിലായിരുന്നു. സർക്കാരിന്റെ ലൈഫ് പദ്ധതിയിലടക്കം പലതവണ വീടിനായി അപേക്ഷിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഇതിനിടെയാണ് മുഖ്യമന്ത്രി ഇടപെട്ട് വീട് നൽകിയത്.