ചേരാനല്ലൂർ വാഹനാപകടം; ജയബാലകൃഷ്ണ്ണൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടറിഞ്ഞു. ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് നേരിട്ടെത്താൻ വൈകിയതെന്ന വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. മുൻദിവസങ്ങളിൽ എഡിജിപി പി. വിജയനും കുടുംബത്തെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചതായും സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മകൾ ഭദ്ര കീർത്തി വ്യക്തമാക്കി.
അതേസമയം, കേസിലെ അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെന്ന് ഭദ്ര കീർത്തി പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ശ്രീജിത്തിന് താൻ സ്വമേധയാ ആണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അഭിഭാഷകനെന്നും ഭദ്ര കൂട്ടിച്ചേർത്തു.
നിലവിൽ കേസ് നാളെ കോടതി പരിഗണിക്കും. ഇന്ന് കോടതിയിൽ വക്കാലത്തുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന്, മകളാണ് വക്കാലത്ത് നൽകിയതെന്ന് അഭിഭാഷകൻ മറുപടി നൽകിയിരുന്നു. അഭിഭാഷകൻ നിർബന്ധിച്ച് ഒപ്പിടിപ്പിച്ചെന്ന ബന്ധുവിന്റെ ആരോപണം തള്ളിക്കൊണ്ടാണ് മകൾ ഭദ്ര ഇതിൽ വ്യക്തത വരുത്തിയത്. കോടതിയുടെ തീരുമാനം വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.