പിതാവ് പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ വീട്ടു മുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്ത്, അറക്കകത്ത് ശഹമ ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പിതാവ് പിന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വണ്ടിക്കടിയിൽ പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിച്ചു.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.