‘ഇവിടെ മുതലകൾ ഉണ്ടായേക്കാം, മുതല വരുന്നത് വൃത്തിയുള്ള വെള്ളത്തിൽ മാത്രം’; യമുനയിൽ മുങ്ങിക്കുളിച്ച് ബിജെപി എംപി മനോജ് തിവാരി; മലിനീകരണം കുറഞ്ഞെന്ന് അവകാശവാദം
ന്യൂഡൽഹി: ഡൽഹിയിൽ യമുനാ നദിയുടെ ശുദ്ധീകരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ തർക്കം വീണ്ടും മുറുകുന്നു. യമുനയിലെ മലിനീകരണ തോത് പകുതിയായി കുറഞ്ഞുവെന്ന് അവകാശപ്പെട്ട് ബിജെപി എം.പി മനോജ് തിവാരി നദിയിൽ മുങ്ങിക്കുളിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പോര് ആരംഭിച്ചത്.
വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ള ലോക്സഭാ എംപിയായ മനോജ് തിവാരി സോണിയ വിഹാർ ഘട്ടിലെത്തിയാണ് യമുനയിൽ കുളിച്ചത്. കേന്ദ്രസർക്കാരിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ കാരണം യമുനയിലെ മലിനീകരണം പകുതിയായി കുറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നദിയിൽ നിന്ന് വെള്ളം കുടിച്ച അദ്ദേഹം, യമുനയിൽ ദേശാടനപ്പക്ഷികൾ തിരിച്ചെത്തിയത് നദി വൃത്തിയായതിന്റെ തെളിവാണെന്നും പറഞ്ഞു. “ഇവിടെ ചിലപ്പോൾ മുതലകൾ ഉണ്ടായേക്കാം, മുതലകൾ വൃത്തിയുള്ള വെള്ളത്തിൽ മാത്രമേ വരാറുള്ളൂ,” മനോജ് തിവാരി അവകാശപ്പെട്ടു.
വരാനിരിക്കുന്ന ഛാഠ് പൂജ ഭക്തർക്ക് ഇനി യാതൊരു ഭയവുമില്ലാതെ യമുനാ തീരത്ത് ആഘോഷിക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ 27 വർഷത്തിനിടെ കോൺഗ്രസിനും എഎപിക്കും ചെയ്യാൻ കഴിയാത്ത കാര്യമാണ് ചുരുങ്ങിയ കാലംകൊണ്ട് ബിജെപി സർക്കാർ ചെയ്തതെന്ന് ഡൽഹി ബിജെപി എക്സിൽ കുറിച്ചു. യമുനയിൽ മുങ്ങാൻ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു.
ബിജെപിയുടെ ഈ വെല്ലുവിളിക്ക് ശക്തമായ മറുപടിയുമായി എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. പല്ല മുതൽ വസീരാബാദ് വരെയുള്ള 26 കിലോമീറ്റർ ഭാഗത്തെ വെള്ളം താരതമ്യേന വൃത്തിയുള്ളതാണെന്ന് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടുകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണ തോത് കൂടിയ ഒഖ്ല ബാരേജിനു സമീപമുള്ള കാളിന്ദി കുഞ്ച് ഘട്ടിലെ വെള്ളം കുടിക്കാൻ മനോജ് തിവാരിയെ അദ്ദേഹം വെല്ലുവിളിച്ചു. കഴിഞ്ഞ വർഷവും കാളിന്ദി കുഞ്ചിലെ വെള്ളം കുടിക്കാൻ താൻ വെല്ലുവിളിച്ചപ്പോൾ ബിജെപി നേതാക്കൾ ഒളിച്ചോടുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ഡി.പി.സി.സിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം യമുനാ നദിയിലെ വെള്ളം കുളിക്കാൻ പോലും സുരക്ഷിതമല്ലെന്നാണ് വ്യക്തമാകുന്നത്. കുളിക്കാൻ അനുയോജ്യമായ ജലത്തിൽ ബി.ഒ.ഡി നിലവാരം ഒരു ലിറ്ററിന് 3 മില്ലിഗ്രാമോ അതിൽ കുറവോ ആയിരിക്കണം. നദി ഡൽഹിയിലേക്ക് പ്രവേശിക്കുന്ന പല്ലയിൽ ഇത് 2 മില്ലിഗ്രാം ആണെങ്കിലും നഗരത്തിലേക്ക് കടക്കുന്നതോടെ മലിനീകരണം കുതിച്ചുയരുകയാണ്. ഐ.എസ്.ബി.ടി ബ്രിഡ്ജിൽ ഇത് 30 മില്ലിഗ്രാം ആയും ഐ.ടി.ഒയിൽ 18 മില്ലിഗ്രാം ആയും ഉയരുന്നു. ഇത് അനുവദനീയമായ പരിധിയേക്കാൾ ആറിരട്ടി വരെ കൂടുതലാണ്.
യമുന പൂർണമായും വൃത്തിയാക്കാൻ ഇനിയും രണ്ടോ മൂന്നോ വർഷം സമയമെടുക്കുമെന്ന് അധികൃതർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് 8,941 കോടി രൂപയുടെ യമുനാ ശുദ്ധീകരണ പദ്ധതികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചിരുന്നു. 2029 മേയ് മാസത്തോടെ ഡൽഹിയിലൂടെ ഒഴുകുന്ന യമുനയുടെ ഭാഗം പൂർണമായും ശുദ്ധീകരിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം.