‘അവിഹിത ഇടപെടൽ തെളിയിച്ചാൽ ശിഷ്ടകാലം ലീഗോഫീസിലെ പ്യൂണായി കഴിയാം’; അഴിമതി ആരോപണങ്ങളിൽ വെല്ലുവിളിച്ച് കെ.ടി ജലീൽ
മലപ്പുറം: ബന്ധുനിയമന വിവാദത്തിലും മലയാള സർവകലാശാലാ ഭൂമി ഇടപാടിലും തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ ശക്തമായി നിഷേധിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. മന്ത്രിയായിരുന്ന കാലത്ത് ഭൂമി ഏറ്റെടുക്കാൻ അവിഹിതമായി ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആർക്കും ചെയ്തുകൊടുത്തിട്ടില്ലെന്നും, തന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അവിഹിത ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. അഴിമതി തെളിയിച്ചാൽ ശിഷ്ടകാലം മലപ്പുറം ലീഗ് ഓഫീസിലെ പ്യൂണായി കഴിയാമെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറഞ്ഞത്.
മുൻ മന്ത്രിയായിരുന്ന തനിക്കെതിരെ മുസ്ലിം ലീഗ്-കോൺഗ്രസ് സൈബർ കേന്ദ്രങ്ങൾ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. മന്ത്രിയായ കാലത്ത് സത്യസന്ധമായി മാത്രമേ ജീവിച്ചിട്ടുള്ളൂ എന്നും, ഒരു തരത്തിലുള്ള അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു രൂപ പോലും ആരിൽനിന്നും കൈക്കൂലിയായി വാങ്ങിയിട്ടില്ല. 20 വർഷത്തെ എം.എൽ.എ, മന്ത്രി പദവികൾക്കും 13 വർഷത്തെ അധ്യാപക ജോലിക്കും ശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽ ആകെ അവശേഷിക്കുന്നത് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ മാത്രമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മറ്റാരും അപേക്ഷകരായി ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാപനം തകർന്നുപോകാതിരിക്കാനുള്ള സദുദ്ദേശത്തോടെ മാത്രമാണ് ഈ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയത്. വിവാദമായപ്പോൾ 15 ദിവസത്തെ ശമ്പളം പലിശ സഹിതം തിരിച്ചടച്ച് അദീപ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങി. പിന്നീട് ഇതേ അദീപ് ബാങ്ക് ഓഫ് ബറോഡയിലും ഇപ്പോൾ ഹഡ്കോയിലും ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ലോകായുക്തയായിരുന്ന സിറിയക് ജോസഫ് പുറപ്പെടുവിച്ച വിധി തികച്ചും ഏകപക്ഷീയമായിരുന്നുവെന്നും ജലീൽ ആരോപിച്ചു. തനിക്ക് നോട്ടീസ് അയക്കുകയോ നേരിട്ട് കേൾക്കുകയോ ചെയ്യാതെയാണ് വിധി പ്രസ്താവിച്ചത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെയെന്നും ജലീൽ വെല്ലുവിളിച്ചു.
മലയാള സർവകലാശാലയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും ജലീൽ തള്ളി. ഈ ഭൂമി വാങ്ങാൻ തീരുമാനിച്ച സമയത്തോ വില നിശ്ചയിച്ചപ്പോഴോ താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നില്ല. ഭൂമി വാങ്ങിയവരോട് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും, ഈ ഇടപാടിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നിലവിലെ സർക്കാർ അത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയോ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യണമെന്നും ഏത് അന്വേഷണത്തെയും പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു.