“പിണറായി പോയതിൻ്റെ മൂന്നിലൊന്നു പോലും വി.ഡി സതീശൻ പോയിട്ടില്ല, ഏതായാലും സർക്കാരിന് ഒരു രൂപ പോലും ചെലവില്ല”; മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിൽ മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആദ്യത്തെ ആറുമാസം കൊണ്ട് നടത്തിയ യാത്രകളുടെ മൂന്നിലൊന്ന് പോലും നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് സ്പോൺസറെ കണ്ടെത്തിയത് വഴി സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉരുൾപൊട്ടലുണ്ടായി ജനങ്ങൾ മരിച്ച പ്രദേശത്തേക്കാണ് മുഖ്യമന്ത്രി പോയതെന്നും അങ്ങനെയൊരു അടിയന്തര ഘട്ടത്തിൽ അദ്ദേഹം അവിടെ എത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. വിമാനം സ്പോൺസർ ചെയ്തത് ആരുതന്നെ ആയാലും അതുവഴി സർക്കാരിന് യാതൊരു ചെലവും വന്നിട്ടില്ല. സൗജന്യമായി വിമാനം നൽകിയ വ്യക്തികളാരും സമൂഹത്തിൽ വെറുക്കപ്പെട്ടവരല്ല. ഒരു വിമാനം വിട്ടുനൽകി എന്ന് കരുതി അങ്ങനെയുള്ള വ്യക്തികൾക്ക് അർഹതയില്ലാത്ത യാതൊരു ആനുകൂല്യങ്ങളും സർക്കാർ ചെയ്തു കൊടുക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സ്പോൺസറുടെ വിവരങ്ങൾ രഹസ്യമാക്കി വെച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്ക് അത് എളുപ്പത്തിൽ അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മന്ത്രിമാർ വിദേശയാത്രകൾ നടത്തുന്നതിലെ വിമർശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് തങ്ങളുടെ ഒരു സർക്കാർ അധികാരത്തിൽ വരുന്നത്. അതിന്റേതായ സന്തോഷങ്ങൾ വിദേശത്തുള്ള പാർട്ടി ഘടകങ്ങൾക്കും സംഘടനകൾക്കും ഉണ്ടാകും. അവർ സ്വാഭാവികമായും മന്ത്രിമാരെ അവിടേക്ക് ക്ഷണിക്കുമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാനത്ത് ഓരോ ദിവസവും കണ്ണിൽ എണ്ണയൊഴിച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ട സാഹചര്യമുള്ളതുകൊണ്ടാണ് താൻ അത്തരം വിദേശയാത്രകൾക്ക് പോകാത്തതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, നിലവിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും ഓർഡർ ചെയ്ത മരുന്നുകൾ വളരെ വേഗത്തിൽ തന്നെ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.