ലിഫ്റ്റ് നൽകിയെന്ന മൊഴി തെറ്റ്: പിണറായിയുടെ ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള ഗൺമാൻ ഉപയോഗിച്ചിരുന്നുവെന്ന് നിർണായക അന്വേഷണ റിപ്പോർട്ട്. ഇതോടെ വാഹനം വഴിയിൽ വെച്ച് ലിഫ്റ്റ് നൽകിയതാണെന്ന ഡ്രൈവർ ഷിനോജിന്റെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. വാഹനം പുറപ്പെടുന്ന സമയത്ത് രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിലും സന്ദീപും തിരുവനന്തപുരത്തുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരും ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളത്.
അനിലും സന്ദീപും സസ്പെൻഷൻ കാലയളവിൽ നേരത്തെയും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് കണ്ടെത്തി. വ്യാജ മൊഴി നൽകുകയും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യാൻ വിട്ടുനൽകുകയും ചെയ്ത ഡ്രൈവർ ഷിനോജിനെതിരെ നടപടി സ്വീകരിക്കാൻ അന്വേഷണസംഘം ശിപാർശ ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് എ.ഡി.ജി.പിക്ക് അന്വേഷണസംഘം ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി.
അതേസമയം, അനിലിന് വാഹനം വിട്ടുനൽകിയിട്ടില്ലെന്നും എറണാകുളത്തുനിന്ന് വരുമ്പോൾ വഴിയിൽവെച്ച് ലിഫ്റ്റ് നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡ്രൈവർ ഷിനോജിന്റെ മുൻ വിശദീകരണം. പിണറായി വിജയന്റെ എറണാകുളത്തെ പരിപാടിക്കായി കൊണ്ടുപോയതായിരുന്നു ഈ ഔദ്യോഗിക വാഹനം. എന്നാൽ പരിപാടി അവസാന നിമിഷം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് വാഹനം തിരുവനന്തപുരത്തേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ഈ മടക്കയാത്രയ്ക്കിടെയാണ് എറണാകുളത്തുനിന്ന് അനിലിന് വാഹനത്തിൽ ലിഫ്റ്റ് നൽകിയതെന്നാണ് ഷിനോജ് അവകാശപ്പെട്ടിരുന്നത്.
പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാറുമായി അനിൽകുമാറും മറ്റ് രണ്ടുപേരും പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നാണ് ഇന്റലിജൻസിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. പൊലീസിൽ നിന്ന് ജൂൺ മാസം മുതൽ സസ്പെൻഷനിൽ കഴിയുന്ന അനിൽകുമാറിന് ഔദ്യോഗിക വാഹനമോ സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ലെന്നിരിക്കെയാണ് ഗുരുതരമായ ചട്ടലംഘനം നടന്നിരിക്കുന്നത്. പിണറായി വിജയന് ഉപയോഗിക്കാനായി നൽകിയ മൂന്ന് വാഹനങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന എസ്കോർട്ട് വാഹനമാണ് അനുമതിയില്ലാതെ എടുത്തുകൊണ്ടുപോയത്.