‘മുസ്ലിംകളെ പറ്റി മോശം പരാമർശം നടത്തിയിട്ടില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചു; കമന്റ് ജിന്നയുടെ ഫോട്ടോ കണ്ടതിനാല്‍, വീഡിയോ മുഴുവൻ കാണാതെയാണ് പ്രതികരിച്ചതില്‍ മാപ്പ്’; ഫോർട്ട് കൊച്ചി വിവാദത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ
കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചും കേരളത്തിലെ മുസ്ലിം വിഭാഗത്തെക്കുറിച്ചുമുള്ള ഉത്തരേന്ത്യൻ യൂട്യൂബറുടെ വിവാദ വീഡിയോയിൽ കമന്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി വ്ലോഗർ ദിയ കൃഷ്ണ. വീഡിയോ മുഴുവനായി കാണാതെയാണ് താൻ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റിട്ടതെന്നും, അതിൽ മാപ്പ് ചോദിക്കുന്നതായും ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
കേരളം അപകടത്തിലാണെന്നും ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലിങ്ങളാണെന്നുമുള്ള നോർത്ത് ഇന്ത്യൻ ഇൻഫ്ളുവൻസറുടെ വീഡിയോയ്ക്ക് താഴെയാണ് ദിയ കമന്റ് ചെയ്തിരുന്നത്. ഇത് വലിയ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചതോടെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്. കേരളത്തിലെ ഒരു കഫേയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചത് വീഡിയോയിൽ കണ്ടതിലുള്ള വിഷമം കൊണ്ടാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്നാണ് ദിയ പറയുന്നത്. ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ചിത്രം വെക്കുന്നത് മനസിലാക്കാം, എന്നാൽ കേരളത്തിലെ ഒരു കഫേയിൽ എന്തിനാണ് ജിന്നയുടെ ചിത്രം വെച്ചിരിക്കുന്നതെന്ന ചോദ്യവും അവർ ഉന്നയിച്ചു. വർക്കലയിലെ ഒരു കഫേയിലായിരുന്നു ഈ ചിത്രമുണ്ടായിരുന്നത്.
വീഡിയോയുടെ ആദ്യ ഭാഗം മാത്രം കണ്ടാണ് താൻ പ്രതികരിച്ചതെന്നും, രണ്ടാം പകുതിയിൽ കൊച്ചിയെക്കുറിച്ചും മറ്റ് മതവിഭാഗങ്ങളെക്കുറിച്ചുമുള്ള യൂട്യൂബറുടെ പരാമർശങ്ങൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും ദിയ വ്യക്തമാക്കി. തനിക്ക് കേരളത്തിലെ മുസ്ലിങ്ങളോട് യാതൊരു വിരോധവുമില്ല. തന്റെ സ്വന്തം കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും ഈ വിഭാഗത്തിൽപ്പെട്ടവരുണ്ട്. താൻ സ്വന്തം മതത്തിൽ വിശ്വസിക്കുന്ന ആളാണ്, എന്നാൽ മറ്റ് മതങ്ങളെയോ മനുഷ്യരെയോ വെറുക്കുന്നില്ലെന്നും ദിയ പറഞ്ഞു.
ഓൺലൈൻ മാധ്യമങ്ങൾ വാർത്തയുടെ യഥാർത്ഥ വശം അന്വേഷിക്കാതെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ദിയ കൃഷ്ണ ആരോപിച്ചു. താൻ ചെയ്ത നല്ല കാര്യങ്ങളൊന്നും വാർത്തയാക്കാത്ത മാധ്യമങ്ങൾ ഇത്തരം നെഗറ്റീവ് വാർത്തകൾ ആഘോഷിക്കുകയാണ്. മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും അവർ അഭ്യർത്ഥിച്ചു. ഫോർട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-ഓട്ടോ ഡ്രൈവർമാരും മുസ്ലിങ്ങളാണെന്നും, പ്രദേശം പൂർണ്ണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും യൂട്യൂബർ തന്റെ വീഡിയോയിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ദിയയുടെ കമന്റ് വന്നത്.