അപ്രതീക്ഷിത പിന്മാറ്റം; ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പാർലമെന്റ് സ്പീക്കർ ഇന്ത്യയിലെത്തില്ല
ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി സമ്മേളനത്തിൽ നിന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് അപ്രതീക്ഷിതമായി പിന്മാറി. ഒക്ടോബർ 26, 27 തീയതികളിൽ ന്യൂഡൽഹിയിലെ സംവിധാൻ സദനിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം ആരംഭിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് സന്ദർശനം റദ്ദാക്കിയ കാര്യം ന്യൂഡൽഹിയിലെ ഇറാൻ എംബസി ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചത്.
ഒഴിവാക്കാനാകാത്ത ചില അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. സ്പീക്കർ എത്തില്ലെങ്കിലും ഇറാനിൽ നിന്നുള്ള പ്രത്യേക പാർലമെന്ററി പ്രതിനിധി സംഘം ഈ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക-ഇറാൻ യുദ്ധസാഹചര്യങ്ങളിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇറാനെ പ്രതിനിധീകരിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മുഹമ്മദ് ബാഖർ ഖാലിബാഫ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്രതലത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ സ്പീക്കറുടെ അസാന്നിധ്യത്തിലും ബ്രിക്സ് കൂട്ടായ്മയിലെ ഒരു പ്രധാന അംഗരാജ്യമെന്ന നിലയിൽ ഉന്നതതല സമ്മേളനങ്ങളിൽ ഇറാൻ സജീവമായി പങ്കെടുക്കുമെന്ന് എംബസി വ്യക്തമാക്കി. ഉഭയകക്ഷി ബന്ധവും ബഹുകക്ഷി സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഇറാൻ പ്രതിനിധി സംഘം മറ്റ് അംഗരാജ്യങ്ങളുമായി നിർണായക ചർച്ചകൾ നടത്തും. ഇതിനൊപ്പം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ മികച്ച ക്രമീകരണങ്ങൾക്കും സ്വീകരണത്തിനും ഇറാൻ പ്രത്യേകം നന്ദിയും ആശംസകളും അറിയിച്ചു.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ഈ പന്ത്രണ്ടാമത് ബ്രിക്സ് സമ്മേളനത്തിൽ ആഗോള ഭരണസംവിധാനങ്ങളുടെ പരിഷ്കരണം, നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം, ഡിജിറ്റൽ രംഗത്തെ മാറ്റങ്ങൾ, സുസ്ഥിര വികസനം, പാർലമെന്ററി സഹകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. ബ്രിക്സ് അംഗരാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷന്മാരും ഉന്നത പ്രതിനിധികളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രതിനിധി സംഘങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.