30/04/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ആ പുതിയ ആയുധം ഉടൻ പുറത്തെടുക്കും’; മുന്നറിയിപ്പുമായി ഇറാൻ നാവികസേന

 ‘അമേരിക്കയും ഇസ്രയേലും ഏറ്റവും ഭയപ്പെടുന്ന ആ പുതിയ ആയുധം ഉടൻ പുറത്തെടുക്കും’; മുന്നറിയിപ്പുമായി ഇറാൻ നാവികസേന

തെഹ്‌റാൻ: അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഒരുപോലെ ഭയപ്പെടുന്ന അത്യാധുനികമായ പുതിയ ആയുധം ഉടൻ പുറത്തിറക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം വിന്യസിക്കുമെന്നും, ഇതിന്റെ പ്രഹരശേഷി കണ്ട് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കയും ഇസ്രയേലും വലിയ പരാജയമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി അവസാന വാരം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന് ‘ഓപറേഷൻ ട്രൂ പ്രോമിസ് 4’ലൂടെ ശക്തമായ മറുപടിയാണ് നൽകിയത്. നൂറുകണക്കിന് ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളും ഡ്രോണുകളുമാണ് ശത്രുകേന്ദ്രങ്ങളിലേക്ക് തൊടുത്തത്. അമേരിക്കൻ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന ഏഴുതവണ മിസൈൽ ആക്രമണം നടത്തിയതായും ഷഹറാം ഇറാനി സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങളെത്തുടർന്ന് വിമാനങ്ങൾ പറത്താനോ സൈനിക നീക്കങ്ങൾ നടത്താനോ കഴിയാതെ കപ്പൽ നിശ്ചലമായ അവസ്ഥയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അറബിക്കടൽ ഭാഗത്തുനിന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ നിലവിൽ അടച്ചിരിക്കുകയാണ്. ശത്രു കപ്പലുകൾ കൂടുതൽ അടുത്തേക്ക് വന്നാൽ ഒട്ടും വൈകാതെ സൈനിക നടപടി സ്വീകരിക്കുമെന്നാണ് താക്കീത്. ലോകത്തിലെ പ്രധാന ഊർജ ഗതാഗത പാതകളിലൊന്നിന് മേലുള്ള ഇറാന്റെ നിയന്ത്രണം അമേരിക്കൻ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. മൂന്ന് പ്രധാന സമുദ്ര പാതകൾ ഇറാന്റെ സ്വാധീനവലയത്തിലാണെന്നും കടലിൽ തങ്ങൾക്കുള്ള മേധാവിത്വം പ്രതിരോധത്തിന് കരുത്തേകുന്നുവെന്നും നാവികസേനാ മേധാവി പറഞ്ഞു.

ഇറാനെ ചുരുങ്ങിയ കാലയളവിനുള്ളിൽ തകർക്കാമെന്ന ശത്രുക്കളുടെ മോഹം സൈനിക അക്കാദമികളിലെ തമാശയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആയത്തുല്ല അലി ഖാംനഇയെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും വധിച്ചാൽ രാജ്യം തകരുമെന്ന് അവർ കരുതി. എന്നാൽ, മുജ്തബ ഖാംനഇയുടെ കീഴിൽ ഇറാൻ കൂടുതൽ കരുത്തോടെ തിരിച്ചടിക്കുകയാണ്. ഉപരോധങ്ങൾക്കിടയിലും ഇറാന്റെ ചരക്ക് കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശത്രുക്കളുടെ എല്ലാ ഗൂഢലക്ഷ്യങ്ങളും പരാജയപ്പെട്ടതായും ഇറാൻ വിജയിക്കുമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ സൈനിക ശേഷി തകർക്കാമെന്ന ശത്രുക്കളുടെ വ്യാമോഹം നടന്നില്ല. പടിഞ്ഞാറൻ മേഖലകളിൽ വിഘടനവാദം വളർത്താനും സുരക്ഷാ കേന്ദ്രങ്ങളിൽ കടന്നുകയറി അട്ടിമറി നടത്താനും അവർ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇസ്ഫഹാനിൽ അവർ പരീക്ഷിച്ച അട്ടിമറി നീക്കം ‘രണ്ടാം തബസ് ദുരന്ത’മായി മാറിയെന്നും ഖാലിബാഫ് വിമർശിച്ചു.

Also read: