ഡാറ്റാ റോമിങ്ങും ആഡ് ടെക്കും ആയുധമാക്കി ഇറാൻ; യുഎസ് സൈനികരുടെ ഫോണുകൾ ചോർത്തി ആക്രമണം ഇങ്ങനെ | Iran track US troops mobile networks
തെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം ആകാശത്തും കടലിലും മാത്രമല്ല, സ്മാർട്ട്ഫോൺ ശൃംഖലകൾക്കുള്ളിലെ അതീവ രഹസ്യമായ സൈബർ ലോകത്തേക്കും പടർന്നതായി വമ്പൻ വെളിപ്പെടുത്തൽ(Iran track US troops mobile networks). യുദ്ധകാലത്ത് മേഖലയിൽ വിന്യസിച്ചിരുന്ന അമേരിക്കൻ സൈനികരുടെയും കോൺട്രാക്ടർമാരുടെയും നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇറാൻ അന്താരാഷ്ട്ര മൊബൈൽ നെറ്റ്വർക്കുകളിലെ അതീവ സുരക്ഷാ വീഴ്ചകളും ഡിജിറ്റൽ പരസ്യ സാങ്കേതികവിദ്യകളും(Ad Tech) വൻതോതിൽ ചൂഷണം ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ‘മൊബൈൽ സർവൈലൻസ് മോണിറ്റർ’ എന്ന ഗവേഷണ പദ്ധതിയിൽനിന്നുള്ള രഹസ്യ ടെലികോം ഡാറ്റാ വിശകലനം ഉദ്ധരിച്ചാണ് മാധ്യമം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മുതലെടുത്തത് പഴയ ടെലകോം സാങ്കേതികവിദ്യയിലെ സുരക്ഷാ വീഴ്ച | Iran track US troops mobile networks
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് മുന്നോടിയായും, പിന്നീട് ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് താവളങ്ങൾക്ക് നേരെ തിരിച്ചടിച്ച യുദ്ധദിനങ്ങളിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് നേരെ അസാധാരണമായ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.
മൊബൈൽ ഫോണുകൾ തങ്ങളുടെ ഹോം നെറ്റ്വർക്കിന് പുറത്ത് പോകുമ്പോൾ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ആഗോളതലത്തിൽ 1970-കൾ മുതൽ ഉപയോഗിക്കുന്ന ‘സിഗ്‌നലിങ് സിസ്റ്റം നമ്പർ 7′(എസ്എസ്7) എന്ന കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോൾ വഴിയാണ് ഇറാൻ ബന്ധമുള്ള ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. ഈ സംവിധാനത്തിലൂടെ ഇറാന്റെ ടെലകോം ഓപറേറ്റർമാർ നിരന്തരമായി ‘എസ്എസ്7 പിങ്‌സ്’ അഥവാ ലൊക്കേഷൻ അഭ്യർത്ഥനകൾ അയച്ചുകൊണ്ടിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ലോക്കൽ സിം കാർഡുകൾ ഉപയോഗിച്ചിരുന്ന യുഎസ് സൈനികരുടെ ഫോണുകളെ കൃത്യമായി ടാർഗറ്റ് ചെയ്ത്, ഉപയോക്താവ് അറിയാതെ തന്നെ അവരുടെ ഏകദേശ ലൊക്കേഷൻ കണ്ടെത്താൻ ഹാക്കർമാർക്ക് ഇതിലൂടെ സാധിച്ചു.
തത്സമയവും കൃത്യവുമായ ലൊക്കേഷൻ വിവരങ്ങൾ നിരന്തരമായി ശേഖരിക്കാനുള്ള സാങ്കേതിക ശേഷി ഇറാന് പൂർണമായുണ്ടെന്ന് പ്രമുഖ ടെക് വിദഗ്ധനും സിറ്റിസൺ ലാബിലെ സീനിയർ റിസർച്ച് ഫെലോയുമായ ഗാരി മില്ലർ പറയുന്നു. പശ്ചിമേഷ്യയിലെ യുഎസ് സൈനികരെ ട്രാക്ക് ചെയ്യാൻ ഇറാൻ ഈ നെറ്റ്വർക്ക് റോമിങ് സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഡ്-ടെക് പരസ്യ ഡാറ്റാബേസുകൾ എങ്ങനെ ആയുധമാക്കി? | Iran track US troops mobile networks
ടെലകോം ശൃംഖലകൾ ചോർത്തുന്നതിന് പുറമെ, സ്മാർട്ട്ഫോണുകളിലെ ആപ്പുകൾ വഴി പരസ്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന വാണിജ്യ ആഡ്-ടെക് ഡാറ്റാബേസുകളും ഇറാൻ ഇന്റലിജൻസ് വൻതോതിൽ ദുരുപയോഗം ചെയ്തു. സ്മാർട്ട്ഫോണുകൾ നിർമിക്കുന്ന കമ്പനികൾ നൽകുന്ന ‘അഡ്വർടൈസിങ് ഐഡികൾ’ വഴി ഫോണിന്റെ ലൊക്കേഷനും ഡിജിറ്റൽ ഐഡന്റിറ്റിയും നിരന്തരമായി ശേഖരിക്കാറുണ്ട്.
ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലും ബഹ്റൈനിലും തമ്പടിച്ചിരുന്ന യുഎസ് കമാൻഡോകളും കരാറുകാരും താമസിച്ചിരുന്ന ഹോട്ടലുകൾ കൃത്യമായി തിരിച്ചറിയാൻ ഈ പരസ്യ ഡാറ്റാബേസുകൾ സഹായിച്ചു. യുഎസ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർക്ക് താമസം ഉൾപ്പെടെ സജ്ജീകരിച്ചിരുന്ന ബഹ്റൈനിലെ പ്രശസ്തമായ ‘മനാമ ക്രൗൺ പ്ലാസ ഹോട്ടലിന്’ നേരെ മാർച്ചിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നിൽ ഈ ഡിജിറ്റൽ ട്രാക്കിങ് ആയിരിക്കാം കാരണമെന്നാണ് നിഗമനം. ഈ ആക്രമണങ്ങളിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനുപുറമെ ഇറാഖിലെ എർബിലിന് വടക്കുള്ള കുർദിഷ് സൈനിക ക്യാമ്പിന് നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
യുഎസ് കോൺഗ്രസിൽ കനത്ത ആശങ്ക | Iran track US troops mobile networks
യുഎസ് സൈന്യത്തിന് തന്നെ വലിയ ഭീഷണിയായ ഈ വലിയ ഡിജിറ്റൽ സുരക്ഷാ വീഴ്ച അമേരിക്കയിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിട്ടുണ്ട്. ശത്രുരാജ്യങ്ങൾ വാണിജ്യ ലൊക്കേഷൻ ഡാറ്റാബേസുകൾ ഉപയോഗിച്ച് യുഎസ് സൈന്യത്തെ നിരീക്ഷിക്കുന്നതിനെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) കഴിഞ്ഞ ഏപ്രിലിൽ തന്നെ കോൺഗ്രസിന് ഔദ്യോഗികമായി മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിരുന്നു. അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ശത്രുരാജ്യം വാണിജ്യ ഡാറ്റാബേസുകൾ ഉപയോഗിച്ച് സൈനികരെ യുദ്ധഭൂമിയിൽ വേട്ടയാടുന്നത്.
അമേരിക്കൻ ഗവൺമെന്റ് ജീവനക്കാരുടെയും സൈനികരുടെയും | Iran track US troops mobile networks സ്മാർട്ട്ഫോണുകളിൽനിന്നുള്ള ലൊക്കേഷൻ വിവരങ്ങളും ‘ഡിജിറ്റൽ ഫൂട്പ്രിന്റുകളും’ സ്വകാര്യ ടെക് കമ്പനികൾ വിൽക്കുന്നത് തടയാൻ കർശനമായ നിയമനിർമാണം കൊണ്ടുവരുമെന്ന് യുഎസ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലെ റിപബ്ലിക്കൻ ജനപ്രതിനിധിയായ പാറ്റ് ഹാരിഗൻ വ്യക്തമാക്കി. സ്മാർട്ട്ഫോണുകളിൽനിന്നു നിരന്തരമായി പുറന്തള്ളപ്പെടുന്ന ഇത്തരം ഡിജിറ്റൽ വിവരങ്ങൾ സൈന്യത്തെ വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൈനികർക്ക് പ്രത്യേക സുരക്ഷിത ഫോണുകൾ നൽകാറുണ്ടെങ്കിലും, പലരും സ്വന്തം സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് തുടരുന്നതാണ് സുരക്ഷാ വീഴ്ചകൾക്കു കാരണമാകുന്നത്. എന്നിരുന്നാലും, തങ്ങളുടെ സൈനിക സുരക്ഷ ഉറപ്പാക്കാൻ അഭൂതപൂർവമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സെന്റകോം വ്യക്തമാക്കുമ്പോൾ തന്നെ, സ്മാർട്ട്‌ഫോണുകൾ പുതിയകാല യുദ്ധഭൂമിയിൽ സൈനികരുടെ ഏറ്റവും വലിയ ചാരന്മാരായി മാറിക്കഴിഞ്ഞു എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.