യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിൽ ചാടിയ നാവികനെതിരെ കടുത്ത നടപടിക്ക് യുഎസ് സൈന്യം | US Sailor Punishment USS Abraham Lincoln
വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിലേക്ക് ചാടിയ 19കാരനായ നാവികനെതിരെ സൈനിക അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം(US Sailor Punishment USS Abraham Lincoln). കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കപ്പൽ ജീവനക്കാരനെതിരെയാണ് യുണിഫോം കോഡ് ഓഫ് മിലിട്ടറി ജസ്റ്റിസ്(യുസിഎംജെ) പ്രകാരം കുറ്റപത്രം ചുമത്താൻ നാവികസേനാ അധികൃതർ നടപടികൾ ആരംഭിച്ചത്. ജോലിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായി മനഃപൂർവം പരിക്കേൽപ്പിക്കൽ, രോഗം അഭിനയിക്കൽ, അനുമതിയില്ലാതെ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നാവികനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ യുഎസ് പ്രതിരോധ വകുപ്പിന്റെയും നാവികസേനയുടെയും കർശന നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
‘കപ്പൽദുരിതങ്ങൾക്കിടയിൽ ആത്മഹത്യാശ്രമം’ | US Sailor Punishment USS Abraham Lincoln
യുഎസ്എസ് എബ്രഹാം ലിങ്കണിലെ കടുത്ത ദുരിതങ്ങളെ കുറിച്ചുള്ള വാർത്തകൾക്കിടെയാണ് സൈനികന്റെ ആത്മഹത്യാശ്രമവും പുറത്തുവന്നത്. ഓഗസ്റ്റ് മൂന്നിനാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിൽനിന്ന് നാവികൻ കടലിലേക്ക് ചാടിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇയാളെ സുരക്ഷിതമായി കരയിലെത്തിക്കുകയും തുടർന്ന് സാന്റിയാഗോയിലെ നാവൽ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മതിയായ കൗൺസിലിങ്ങോ വിദഗ്ധ ചികിത്സയോ നൽകുന്നതിന് പകരം നടപടി സ്വീകരിക്കുകയാണ് സൈന്യം ചെയ്യുന്നതെന്ന് നാവികന്റെ ഭാര്യ വിമർശിച്ചു.
സൈനികനെതിരെ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 86 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനാണ് സൈനിക നേതൃത്വം ഒരുങ്ങുന്നത്. കമാൻഡിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള നടപടിക്രമങ്ങളിലൂടെ നാവികന്റെ വേതനം വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെയുള്ള ആഭ്യന്തര ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാനസിക സമ്മർദവും കുടുംബത്തിന്റെ വെളിപ്പെടുത്തലും | US Sailor Punishment USS Abraham Lincoln
തന്റെ ഭർത്താവ് അതിരൂക്ഷമായ മാനസിക പ്രശ്നങ്ങളും സേനയുടെ അവഗണനയുമാണു നേരിട്ടതെന്ന് നാവികന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ജനിച്ച കുഞ്ഞിനെ കാണാനായി നൽകിയ അവധി അപേക്ഷകൾ പലതവണ നിരസിക്കപ്പെട്ടതായി അവർ വ്യക്തമാക്കി.
ഒൻപത് മാസത്തിലേറെയായി തുടരുന്ന ദീർഘകാല സമുദ്രദൗത്യവും ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങളെ തുടർന്നുള്ള സേവന കാലാവധി നീട്ടലും സൈനികരിൽ കടുത്ത മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് പകരം ശിക്ഷാനടപടികളുമായി മുന്നോട്ടുപോകുന്നത് കടുത്ത ക്രൂരതയാണെന്നും കുടുംബം ആരോപിച്ചു.
പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ മാസങ്ങളായി വിന്യസിച്ചിരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ ജീവനക്കാരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചർച്ചകൾ നേരത്തെ തന്നെ സജീവമാണ്. ദീർഘകാലം കരയിൽനിന്ന് അകന്നു കഴിയുന്ന സൈനികർക്ക് ആവശ്യമായ വിശ്രമമോ മാനസികാരോഗ്യ പിന്തുണയോ ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കപ്പലിൽ ഭക്ഷണം തീർന്നതും ഉണങ്ങിയ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതും തൊട്ട് ടോയ്ലെറ്റ്-ലോൺഡ്രി തകരാർ വരെയുള്ള നിരവധി പ്രശ്നങ്ങളാണ് യുദ്ധക്കപ്പലിലുള്ളത്.
പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വിഷയം ഏറ്റെടുത്തതോടെ പെന്റഗൺ ഇടപെട്ട് കപ്പൽ നാട്ടിലേക്കു തിരിച്ചയച്ചിട്ടുണ്ട്. യുഎസ്എസ് ജോർജ് വാഷിങ്ടൺ ആണ് പകരം പശ്ചിമേഷ്യൻ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അതിനിടെ, യുഎസ് സൈന്യത്തിൽ മാനസികാരോഗ്യ പിന്തുണ ആവശ്യപ്പെടുന്നവർക്കെതിരെ തന്നെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന പഴയ സൈനിക നിയമങ്ങൾ സൈനികരുടെ ജീവന് ഭീഷണിയാകുന്നുവെന്ന വിമർശനവും നിയമവിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്(US Sailor Punishment USS Abraham Lincoln).