കഞ്ചാവ് പാടില്ല, സെക്സ് ടൂറിസത്തിന് പേരുകേട്ട റെഡ് ലൈറ്റ് സ്ട്രീറ്റിലേക്ക് എൻട്രിയില്ല-പട്ടായയിൽ യുഎസ് സൈനികർക്ക് കർശന നിയന്ത്രണം | USS Abraham Lincoln in Pattaya Strict Rules
ബാങ്കോക്ക്: അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ തായ്ലൻഡ് തീരത്ത് എത്തുന്നതിന് മുന്നോടിയായി നാവികർക്കായി കർശന പെരുമാറ്റച്ചട്ടങ്ങളും സുരക്ഷാ നിർദേശങ്ങളും പുറപ്പെടുവിച്ച് തായ് ഭരണകൂടവും യുഎസ് നാവികസേനയും(USS Abraham Lincoln in Pattaya Strict Rules). പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ 200ലധികം ദിവസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം വിശ്രമ സന്ദർശനത്തിനായി എത്തുന്ന അയ്യായിരത്തോളം വരുന്ന സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷയും അച്ചടക്കവും മുൻനിർത്തിയാണ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തായ്ലൻഡിലെ പ്രധാന വിനോദസഞ്ചാര തീരദേശ നഗരമായ പട്ടായ സന്ദർശിക്കുന്ന നാവികർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനും അപകടകരമായ ജല കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും പൂർണ വിലക്കുണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനവാഹിനിക്കപ്പലിന്റെ സന്ദർശനം സുഗമമാക്കുന്നതിനും പട്ടായയിലെ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിനുമായി പട്ടായ സിറ്റി ഹാളിൽ ഉന്നതതല സുരക്ഷാ ഏകോപന യോഗം ചേർന്നു. നഗരത്തിലെത്തുന്ന നാവികരെ സ്വീകരിക്കുന്നതിനൊപ്പം പ്രാദേശിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി. പ്രാദേശിക വിനോദസഞ്ചാര വിപണിക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ സന്ദർശനമെന്ന് അധികൃതർ വിലയിരുത്തുന്നു.
സിറ്റി ഹാളിൽ ചേർന്ന ഉന്നതതല സുരക്ഷാ ഏകോപന യോഗം | USS Abraham Lincoln in Pattaya Strict Rules
പട്ടായ മേയർ പൊരാമെസ് എൻഗാംഫിച്ചെറ്റിന്റെ പ്രത്യേക നിർദേശപ്രകാരം മേയറുടെ സെക്രട്ടറി ബഞ്ച കുല്ലവാനിച്ച്, പട്ടായ സിറ്റി ക്ലർക്ക് കിയാതിസാക് ശ്രിവോങ്ചായ് എന്നിവരുടെ അധ്യക്ഷതയിലാണ് സുരക്ഷാ യോഗം ചേർന്നത്. തായ് ടൂറിസ്റ്റ് പോലീസ് ബ്യൂറോ ഡിവിഷൻ രണ്ട് സൂപ്രണ്ട് പോൾ കേണൽ മിലിൻ പിയൻചാങ്, ബാംഗ്ലമുങ് സീനിയർ ഡെപ്യൂട്ടി ഡിസ്ട്രിക്ട് ചീഫ് ഫിച്ചെറ്റ് തമ്മാഹോർ, പട്ടായ സിറ്റി പോലീസ് സ്റ്റേഷൻ പ്രതിനിധികൾ, കപ്പലുകളുടെ സംയുക്ത സുരക്ഷാ സംഘാംഗങ്ങൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സെപ്റ്റംബർ രണ്ട് ബുധനാഴ്ച പുലർച്ചെ 12.01-ഓടെ യുഎസ് നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ തായ് സമുദ്രാതിർത്തിയിൽ പ്രവേശിക്കും. ഇതിൽ 4,800 നാവികരും ഉദ്യോഗസ്ഥരുമുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ ലാം ചബാങ് തുറമുഖത്തും 312 സൈനികരുള്ള ഡിസ്ട്രോയർ പടക്കപ്പൽ യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ ജൂനിയർ ശ്രീരാച്ച ഹാർബർ തുറമുഖത്തുമാണ് നങ്കൂരമിടുന്നത്. സെപ്റ്റംബർ ആറ് വരെയാണ് നാവിക സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
കപ്പലുകളിലുള്ള മൊത്തം സൈനികരിൽ 60 ശതമാനത്തോളം പേർ പട്ടായ നഗരം സന്ദർശിക്കുമെന്നാണ് തായ് അധികൃതരുടെ കണക്കുകൂട്ടൽ. ബുധനാഴ്ച ഉച്ചയോടെ നാവികർ പട്ടായയിൽ എത്തിത്തുടങ്ങും. പ്രമുഖ ഹോട്ടലുകളായ ഹിൽട്ടൺ, ഹാർഡ് റോക്ക് എന്നിവ കേന്ദ്രീകരിച്ചാണ് നാവികർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സൈനികർക്ക് ഹോട്ടലുകളിൽ തങ്ങുന്നതിനും രാത്രിയിൽ കപ്പലുകളിലേക്ക് തന്നെ മടങ്ങുന്നതിനും അനുമതിയുണ്ട്. യാത്രാ സൗകര്യങ്ങൾക്കായി പുലർച്ചെ അഞ്ചുമണി മുതൽ രാത്രി രണ്ട് മണി വരെ നാൽപ്പതോളം പ്രത്യേക ഷട്ടിൽ ബസുകൾ സർവീസ് നടത്തും.
റെഡ് ലൈറ്റ് മേഖലകൾക്കും കഞ്ചാവ് വ്യാപാര സ്ഥാപനങ്ങൾക്കും വിലക്ക് | USS Abraham Lincoln in Pattaya Strict Rules
പട്ടായയിൽ ചെലവഴിക്കുന്ന ദിവസങ്ങളിൽ യുഎസ് നാവികർ പാലിക്കേണ്ട നിയമങ്ങളിലും പ്രവേശിക്കേണ്ട സ്ഥലങ്ങളിലും വ്യക്തമായ അതിർവരമ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്സ് ടൂറിസത്തിന് കുപ്രസിദ്ധിയാർജിച്ച സോയ് 6, സോയ് 6/1, സോയ് 7 തുടങ്ങിയ തെരുവുകളിലേക്കും മറ്റ് റെഡ് ലൈറ്റ് കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നതിൽനിന്ന് സൈനികരെ പൂർണമായി വിലക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ സൈനികർ പ്രവേശിക്കുന്നത് തടയാൻ കർശന നിരീക്ഷണമുണ്ടാകും.
പട്ടായയിലെ പ്രശസ്തമായ നൈറ്റ് ലൈഫ് കേന്ദ്രമായ വാക്കിങ് സ്ട്രീറ്റ് സന്ദർശിക്കാൻ നാവികർക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും പുലർച്ചെ രണ്ട് മണിക്ക് മുൻപായി അവർ പ്രദേശം വിടണം. ഈ സമയപരിധി കർശനമായി നടപ്പാക്കാൻ തായ് പോലീസും യുഎസ് നേവി സുരക്ഷാ വിഭാഗവും സ്ഥലത്ത് വലിയ തോതിലുള്ള പട്രോളിങ് നടത്തും.
നഗരത്തിലെ കഞ്ചാവ് വ്യാപാര സ്ഥാപനങ്ങളിലും ഫാർമസികളിലും കയറുന്നതിനും നാവികർക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തായ്ലൻഡിൽ നിയന്ത്രിത മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവ് നിയമവിധേയമാണെങ്കിലും അമേരിക്കൻ സൈനിക നിയമങ്ങൾ പ്രകാരം ലഹരിവസ്തുക്കളുടെ ഉപയോഗം കടുത്ത അച്ചടക്ക ലംഘനമാണ്. കടലിലെ സുരക്ഷ കണക്കിലെടുത്ത് ജെറ്റ് സ്കീയിങ്, പാരാസെയിലിങ് ഉൾപ്പെടെയുള്ള വാട്ടർ സ്പോർട്സ് വിനോദങ്ങളിലും സൈനികർ ഏർപ്പെടരുത്. എന്നാൽ സമീപ ദ്വീപായ കോ ലാൻ സന്ദർശിക്കാൻ നാവികർക്ക് അനുവാദമുണ്ട്.
ലൈംഗിക ചൂഷണം തടയാൻ കർശന നിർദേശം | USS Abraham Lincoln in Pattaya Strict Rules
ലൈംഗിക ചൂഷണം തടയുന്നതിൽ സർക്കാർ ഏജൻസികളും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് യോഗത്തിൽ അധികൃതർ കർശന നിർദേശം നൽകി. തായ്ലൻഡിൽ വാണിജ്യ ലൈംഗിക വ്യാപാരം കർശനമായി നിരോധിച്ചിട്ടുള്ള ഒന്നാണെന്ന യാഥാർഥ്യം യുഎസ് നാവികസേനാ സുരക്ഷാ സംഘം എല്ലാ സൈനികരെയും ഓർമിപ്പിക്കും.
വിനോദസഞ്ചാരികളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്ന പ്രവണത പൂർണമായി ഒഴിവാക്കണമെന്നും മാന്യവും നീതിയുക്തവുമായ സേവനം നൽകണമെന്നും പട്ടായയിലെ വ്യാപാരികളോടും ഹോട്ടൽ ഉടമകളോടും ടാക്സി ഡ്രൈവർമാരോടും ഭരണകൂടം ആവശ്യപ്പെട്ടു. സന്ദർശകരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും ചൂഷണങ്ങൾ ഒഴിവാക്കണമെന്നും അധ്യക്ഷൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. വിനോദസഞ്ചാര മേഖലകളിൽ എത്തുന്നവർക്ക് പൂർണ സുരക്ഷിതത്വം അനുഭവപ്പെടാൻ ടാക്സി നിരക്കുകളും യാത്രാ സേവനങ്ങളും പോലീസ് പ്രത്യേകം നിരീക്ഷിക്കും(USS Abraham Lincoln in Pattaya Strict Rules).
അടിയന്തര സാഹചര്യങ്ങൾ നേരിടാനും പരാതികൾ അറിയിക്കാനും സഞ്ചാരികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 1155 എന്ന ടൂറിസ്റ്റ് പോലീസ് ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ തായ്ലൻഡ് ടൂറിസ്റ്റ് പോലീസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും സഹായം അഭ്യർത്ഥിക്കാനും ലൊക്കേഷൻ പങ്കുവെക്കാനും സൗകര്യമുണ്ടാകും.
തായ് നിയമങ്ങൾ ലംഘിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നടപടി | USS Abraham Lincoln in Pattaya Strict Rules
തായ്ലൻഡിലെ നിയമങ്ങൾ ലംഘിക്കുന്ന വിദേശ സൈനികർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് ചീഫ് അനെക് സ്രാതോങ്യൂ വ്യക്തമാക്കി. ഇ സിഗരറ്റുകൾക്കും വേപ്പുകൾക്കും തായ്ലൻഡിൽ സമ്പൂർണ നിരോധനമുണ്ട്. ഇവ കൈവശം വെക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാം. അംഗീകൃത മെഡിക്കൽ കുറിപ്പടിയില്ലാതെ കഞ്ചാവ് കൈവശം വെക്കുകയോ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ലഭിക്കും.
തായ് രാജകുടുംബത്തെ അപമാനിക്കുന്നതും നിന്ദിക്കുന്നതും തടയുന്ന ലെസെ മജെസ്റ്റെ നിയമപ്രകാരം കുറ്റക്കാർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. സന്ദർശകർ ഈ നിയമങ്ങളെക്കുറിച്ച് പൂർണ ബോധവാന്മാരായിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.
200 ദിവസത്തെ സമുദ്ര ദൗത്യവും തായ്ലൻഡ് സന്ദർശനവും | USS Abraham Lincoln in Pattaya Strict Rules
2025 നവംബറിലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ അമേരിക്കയിലെ താവളത്തിൽനിന്ന് ദക്ഷിണ ചൈനാ കടൽ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. എന്നാൽ പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് കപ്പൽ അങ്ങോട്ട് വഴിതിരിച്ചുവിടുകയായിരുന്നു. സമുദ്രത്തിൽ 200 ലധികം ദിവസങ്ങൾ കരകാണാതെ ചിലവഴിച്ച ശേഷമാണ് സൈനികർ ഇപ്പോൾ അമേരിക്കയിലേക്കുള്ള മടക്കയാത്രയിൽ തായ്ലൻഡിൽ തങ്ങുന്നത്.
നീണ്ട കടൽ ജീവിതത്തിന് ശേഷം ലഭിക്കുന്ന ഈ കരയിലെ വിശ്രമം നാവികരുടെ മാനസികോല്ലാസത്തിന് അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. സന്ദർശനം വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പട്ടായ നഗരസഭയും പോലീസും യുഎസ് സുരക്ഷാ സംഘത്തോടൊപ്പം ചേർന്ന് ഒരുക്കിയിട്ടുണ്ട്(USS Abraham Lincoln in Pattaya Strict Rules).