19/10/2026
[fontresizer_tawhidurrahmandear_widget]

‘വിദ്വേഷ പ്രേരിതമായ അക്രമങ്ങളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ല’: യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട് 19കാരന്‍; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

 ‘വിദ്വേഷ പ്രേരിതമായ അക്രമങ്ങളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ല’: യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട് 19കാരന്‍; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ചിക്കാഗോ: ഇന്ത്യൻ വംശജരെ അധിക്ഷേപിക്കുകയും ഹൈന്ദവ ക്ഷേത്രത്തിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുകയും ചെയ്ത 19-കാരനെ അമേരിക്കൻ പോലീസ് പിടികൂടി. യുഎസിലെ ഇല്ലിനോയിയിലുള്ള പാലറ്റിൻ സ്വദേശി അലക്സാണ്ട്രോസ് പപോറാക്കിസ് ആണ് അറസ്റ്റിലായത്. ഇല്ലിനോയിയിലെ ഒറോറയിലുള്ള പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ നീക്കം. എന്നാൽ ആക്രമണത്തിനായി എത്തിയ ദിവസം തോക്ക് ജാമായതിനെ തുടർന്ന് ആർക്കും പരിക്കേൽക്കാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് സഹപ്രവർത്തകനോട് വെളിപ്പെടുത്തിയതോടെയാണ് ഭീകരാക്രമണ പദ്ധതി പുറത്തുവന്നത്.

സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. അമേരിക്കയിലെ വംശീയമായ ശത്രുതയും ഇന്ത്യ വിരുദ്ധ വിദ്വേഷവും ഈ സംഭവം ആശങ്ക ഉയർത്തുന്നതാണെന്നും, വർഗീയ വേട്ടയാടലുകൾക്കെതിരെ സഹിഷ്ണുതയില്ലാത്ത നിലപാടും ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളും വേണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

“ഇന്ത്യൻ വംശജർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെ, ഈ പദ്ധതിക്ക് പിന്നിലെ വംശീയവും ഹിന്ദു വിരുദ്ധവുമായ സ്വഭാവം പ്രത്യേകിച്ചും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.

സംശയാസ്പദമായ വ്യക്തിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതും കുറ്റങ്ങൾ ചുമത്തിയതും ഉൾപ്പെടെ യു.എസ് നിയമപാലകർ സ്വീകരിച്ച നടപടികളെയും ഇന്ത്യ ശ്രദ്ധയിൽപ്പെടുത്തി.
“യു.എസ് അധികാരികൾ ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Also read: