03/09/2026
[fontresizer_tawhidurrahmandear_widget]

‘പെട്ടെന്ന് വിടുമെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി; ഭാര്യയെ വിളിക്കാൻ അനുവദിച്ചില്ല’ | Ashish Joshi on Delhi Police Detention

 ‘പെട്ടെന്ന് വിടുമെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി; ഭാര്യയെ വിളിക്കാൻ അനുവദിച്ചില്ല’ | Ashish Joshi on Delhi Police Detention

ന്യൂഡൽഹി: പ്രഭാതസവാരിക്കിടെ പാർക്കിൽനിന്ന് തടഞ്ഞുനിർത്തി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എട്ട് മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ഡൽഹി പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷി(Ashish Joshi on Delhi Police Detention). വളരെ കുറച്ചു സമയം കൊണ്ട് തീരുന്ന ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടയിൽ ഭാര്യയെ വിവരമറിയിക്കാൻ നിരന്തരം അപേക്ഷിച്ചിട്ടും പോലീസ് അത് അനുവദിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറിനെയും ദില്ലി പോലീസിനെയും നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയത്.

കസ്റ്റയിലെടുത്താൽ ഇങ്ങനെ ചെയ്യാമോ? | Ashish Joshi on Delhi Police Detention

ഒരു പൗരനെ കസ്റ്റഡിയിലെടുക്കുമ്പോഴോ ഏതെങ്കിലും കേസിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോഴോ കുടുംബാംഗങ്ങളെ അടിയന്തരമായി വിവരമറിയിക്കുക എന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള സൗജന്യമോ കാരുണ്യമോ അല്ലെന്നും മറിച്ച് അത് ഭരണഘടനാപരവും നിയമപരവുമായ നിർബന്ധിത ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസ് (ഐപി ആൻഡ് ടിഎഎഫ്എസ്) 1992 ബാച്ച് ഉദ്യോഗസ്ഥനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയുമായി വിരമിച്ച ആശിഷ് ജോഷിയെ ബുധനാഴ്ച രാവിലെയാണ് ഡൽഹിയിലെ നെഹ്‌റു പാർക്കിൽനിന്ന് സിവിൽ വസ്ത്രത്തിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ചാണക്യപുരിയിലെ നെഹ്‌റു പാർക്കിൽ രാവിലെ പതിവ് നടത്തത്തിനിറങ്ങിയപ്പോഴാണ് സിവിൽ വസ്ത്രം ധരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആശിഷ് ജോഷിയെ സമീപിച്ചത്(Ashish Joshi on Delhi Police Detention). വളരെ പെട്ടെന്ന് തന്നെ തീരുന്ന ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യൽ നീണ്ടുപോയതോടെ, താൻ എവിടെയാണെന്ന വിവരം ഭാര്യയെ വിളിച്ച് അറിയിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ മുകളിൽ നിന്നുള്ള കൃത്യമായ നിർദേശങ്ങൾ നടപ്പിലാക്കുകയാണെന്ന ഒഴുക്കൻ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് സ്‌പെഷ്യൽ സെൽ ഓഫീസിലേക്ക് | Ashish Joshi on Delhi Police Detention

രാവിലെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന് ഒടുവിൽ വൈകുന്നേരം 6:38ന് മാത്രമാണ് വീട്ടിലേക്ക് ഒരു ഫോൺ കോൾ ചെയ്യാൻ അനുമതി ലഭിച്ചത്. അതുവരെ അദ്ദേഹത്തിന്റെ ഫോൺ പൂർണമായി പ്രവർത്തനരഹിതമാക്കി വെച്ചിരിക്കുകയായിരുന്നു. രാജ്യതലസ്ഥാനത്ത് വെച്ച് ഒരു മുൻ മുതിർന്ന ഉദ്യോഗസ്ഥനെ സിവിൽ വസ്ത്രത്തിലെത്തിയവർ തട്ടിക്കൊണ്ടുപോയതിന് സമാനമായ ഈ നീക്കം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ദിവസം മുഴുവൻ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്.

ഒരു വ്യക്തിയെ തടഞ്ഞുവെക്കുമ്പോൾ പാലിക്കേണ്ട സുപ്രധാന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ദില്ലി പോലീസ് കമ്മീഷണർക്ക് അയച്ച കുറിപ്പിൽ ആശിഷ് ജോഷി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനായി ആരെ കൊണ്ടുപോയാലും കുടുംബത്തെ ഉടൻ തന്നെ ഔദ്യോഗികമായി വിവരമറിയിക്കണമെന്ന നിയമപരമായ ചുമതല വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ഡൽഹി പോലീസിന്റെ എല്ലാ യൂണിറ്റുകൾക്കും കമ്മീഷണർ അടിയന്തരമായി കർശന നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന കടുത്ത മാനസിക വേദനയും കഷ്ടപ്പാടും ഇനിയൊരു സാധാരണ പൗരന്റെയും കുടുംബത്തിന് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി(Ashish Joshi on Delhi Police Detention).

നെഹ്‌റു പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജോഷിയെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലുള്ള ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് ഓഫീസിലേക്കാണ് കൊണ്ടുപോയത്(Ashish Joshi on Delhi Police Detention). അവിടെ വെച്ച് ഏകദേശം എട്ടു മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് അദ്ദേഹം വിധേയനായി. അദ്ദേഹത്തിന്റെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് വാഹനം തന്നെ അദ്ദേഹത്തെ വീട്ടിൽ തിരികെ കൊണ്ടുവിടുകയായിരുന്നു.

ചോദ്യംചെയ്യൽ എന്തിന്? | Ashish Joshi on Delhi Police Detention

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പരാമർശങ്ങൾ, കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകൾ എന്നിവയുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന അനൗദ്യോഗിക വിവരം. എന്നാൽ ഏത് കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നോ എന്തൊക്കെ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്നോ ഔദ്യോഗികമായി വ്യക്തമാക്കാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.

ആശിഷ് ജോഷിയെ കാണാതായ വിവരം പുറത്തുവന്ന നിമിഷം മുതൽ പ്രതിപക്ഷ നേതാക്കളും മുൻ പാർലമെന്റംഗമായ സന്ദീപ് ദീക്ഷിതും സ്വതന്ത്ര മാധ്യമ സ്ഥാപനമായ ദ വയറിന്റെ എഡിറ്റർ സിദ്ധാർഥ് വരദരാജനും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു(Ashish Joshi on Delhi Police Detention). ഡൽഹി പോലീസിനോട് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഇവർ പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയത്.

വിദ്യാർഥി സമരത്തെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും തമ്മിൽ വലിയ ഭിന്നത ഉടലെടുത്തുവെന്ന് കാണിച്ച് ഏതാനും ആഴ്ചകൾക്ക് മുൻപ് ആശിഷ് ജോഷി സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ഈ പോസ്റ്റ് പിന്നീട് എക്‌സ് പ്ലാറ്റ്ഫോം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു(Ashish Joshi on Delhi Police Detention). ഭരണകൂടത്തിന് അഹിതമായ കാര്യങ്ങൾ തുറന്നുപറയുന്ന മുൻ ഉദ്യോഗസ്ഥരെപ്പോലും ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് അധികാര കേന്ദ്രങ്ങൾ പോലീസിനെ ദുരുപയോഗം ചെയ്യുന്നതെന്ന ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ആശിഷ് ജോഷിയുടെ പുതിയ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ ഡൽഹി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.

Also read: