‘പ്രതിഷേധമുണ്ടായി എന്നതു കൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല’; സിജെപി സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമുണ്ടെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭം നടന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തിയ ‘സൻസദ് ചലോ’ പാർലമെന്റ് മാർച്ചിന് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ച സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം പൂർണ്ണമായും ഉറപ്പുനൽകപ്പെട്ടതാണെന്നും അത് നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
അതേസമയം, ജൂലൈ 20-ന് നടന്ന അക്രമസംഭവങ്ങളിൽ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർക്ക് മാത്രമല്ല, പൊലീസുകാർക്കും പരിക്കേൽക്കുന്നത് ആശങ്കപ്പെടുത്തുന്ന വിഷയമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല ബാഗ്‌ചി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ല എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് ബാഗ്‌ചി പറഞ്ഞു.
ഇതിനിടെ, വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും നാളെ ഒരുമിച്ച് കേൾക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എല്ലാ ഹർജികളും നാളെ കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.