‘എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; മോദിയുടെ പൊലീസ് എന്ത് തോന്നിവാസവും കാണിക്കാമെന്ന നിലയിലേക്ക് അധഃപതിച്ചു’ -എം.എ. ബേബി
എം.എ. ബേബി
ന്യൂഡൽഹി: മോദിയുടെയും അമിത് ഷായുടെയും പോലീസ് എന്തും കാണിക്കാമെന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണെന്ന് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. എ.കെ.ജി. ഭവനിലെത്തി ഡൽഹി പോലീസ് കാണിക്കാൻ ശ്രമിച്ച കാര്യങ്ങൾ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം അംഗീകരിക്കില്ലെന്നും, എന്ത് വിലകൊടുത്തും ഈ പോലീസ് രാജിനെതിരെ ഉറച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി. വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി സമരത്തിന് നേരെ ജന്തർമന്തറിൽ പോലീസ് നടത്തിയ ക്രൂരമായ വേട്ടയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (SIT) നിയോഗിച്ചിരിക്കുകയാണെന്ന് എം.എ. ബേബി ഓർമ്മിപ്പിച്ചു. എന്നാൽ അതൊന്നും ബാധകമല്ലെന്ന മട്ടിലുള്ള തെമ്മാടിത്തമാണ് പോലീസ് കാണിക്കുന്നത്. നാട്ടിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വികാരം മനസ്സിലാക്കിയാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ.പി. സമരത്തിൽ സജീവമായിരുന്ന എസ്.എഫ്.ഐ. നേതാവും ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് ഡൽഹി പോലീസ് നീക്കം നടത്തിയത്. 2021-ലെ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാൽ ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിലുള്ള പകപോക്കലാണ് ഐഷിക്കെതിരെ പോലീസ് നടത്തുന്നതെന്നാണ് സി.പി.എം. നേതാക്കൾ ആരോപിക്കുന്നത്.