‘ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാവാത്ത തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ?’ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയോട് കെ.കെ. രമ
കോഴിക്കോട്: തെറ്റുതിരുത്താനെന്ന പേരിൽ സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട് പുരോഗമിക്കവേ, രൂക്ഷമായ ചോദ്യങ്ങളുമായി കെ.കെ. രമ എംഎൽഎ. നേതൃത്വം ചെയ്തുകൂട്ടിയിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ തെറ്റുകൾ തിരുത്താൻ കോഴിക്കോട് യോഗം ചേരുന്നവരോട് ഒരൊറ്റ ചോദ്യം മാത്രമാണുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രമയുടെ വിമർശനം.
ഇതേ കോഴിക്കോടിന്റെ മണ്ണിൽ വെട്ടിനുറുക്കി തീർത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത പാർട്ടിക്ക് ഉണ്ടോയെന്ന് അവർ ചോദിച്ചു. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും എം.എൻ. വിജയൻ മാഷും നടത്തിയ രാഷ്ട്രീയ സമരങ്ങളെ പിന്തുണച്ചതിനും പാർട്ടിയുടെ തെറ്റുകൾക്കെതിരെ ചൂണ്ടിക്കാണിച്ചതിനുമാണ് നേതാക്കൾ ഗൂഢാലോചന നടത്തി ടി.പിയെ വധിച്ചതെന്നും രമ കൂട്ടിച്ചേർത്തു.
കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച വരെയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. യോഗം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ലക്ഷം പേർ അണിനിരക്കുന്ന റാലിയോടെയും കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയും സംസ്ഥാന സമിതി അവസാനിക്കും.