26/09/2026
[fontresizer_tawhidurrahmandear_widget]

നറുക്കെടുപ്പ് വിജയിയോട് അവതാരകയുടെ അനാവശ്യ ചോദ്യം; തിരുത്തി ആസിഫ് അലി; കയ്യടിച്ച് സോഷ്യൽ മീഡിയ

 നറുക്കെടുപ്പ് വിജയിയോട് അവതാരകയുടെ അനാവശ്യ ചോദ്യം; തിരുത്തി ആസിഫ് അലി; കയ്യടിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: സിനിമയും അതിലെ കഥാപാത്രങ്ങൾക്കുമപ്പുറം സൗമ്യമായ പെരുമാറ്റവും നിലപാടുകളും കൊണ്ടും ശ്രദ്ധേയനാണ് നടൻ ആസിഫ് അലി. ഇപ്പോഴിതാ, ഒരു പൊതുപരിപാടിക്കിടെ യുവാവിന്റെ ആത്മാഭിമാനത്തെ ചേർത്തുപിടിച്ച ആസിഫ് അലിയുടെ പക്വമായ ഇടപെടലാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്.

കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിലാണ് സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് ഫോൺ സമ്മാനമായി നൽകാൻ ആസിഫ് അലിയെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. തുടർന്ന് ആസിഫ് വിജയിയെ പ്രഖ്യാപിക്കുകയും സമ്മാനം ഏറ്റുവാങ്ങാനായി നിഹാൽ എന്നൊരു ചെറുപ്പക്കാരൻ വേദിയിലെത്തുകയും ചെയ്തു.

എന്നാൽ, സമ്മാനം നൽകുന്നതിനിടയിൽ പരിപാടിയുടെ അവതാരകയായ മീര അനിൽ ചെറുപ്പക്കാരനോട് അപ്രതീക്ഷിത ചോദ്യം ചോദിച്ചു. “നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഫോൺ ഒന്നു കാണിക്കാമോ?” സാഹചര്യത്തിന്റെ ഗൗരവവും അത് അയാളിൽ ഉണ്ടാക്കിയേക്കാവുന്ന അസ്വസ്ഥതയും നിമിഷനേരം കൊണ്ട് തിരിച്ചറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ ഇടപെട്ടു. മീരയുടെ ചോദ്യം കേട്ട ഉടൻ തന്നെ ആസിഫ് അലി, “അതൊന്നും വേണ്ട” എന്ന രീതിയിൽ കൈകൊണ്ട് സൂചന നൽകി. തുടർന്ന് വിജയിക്ക് അർഹമായ ആദരവോടെ ഫോൺ സമ്മാനിക്കുകയും ചെയ്തു.

ഈ രംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ വലിയ സ്വീകാര്യതയാണ് ആസിഫിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ‘യഥാർത്ഥ മനുഷ്യസ്നേഹി’ എന്നാണ് ആസിഫിനെ അഭിനന്ദിച്ചുകൊണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്. ഈ ഒറ്റ കാര്യം കൊണ്ട് ആസിഫിനോടുള്ള ഇഷ്ടം കൂടിയെന്നും ചിലർ കുറിച്ചു. ചെറുപ്പക്കാരന്റെ സ്വകാര്യത മാനിച്ചുകൊണ്ട് അവസരോചിതമായി ഇടപെട്ട ആസിഫ് അലി വലിയൊരു മാതൃകയാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ‘തങ്കമാന പയ്യൻ’ എന്നാണ് കരുതലോടെയുള്ള ഇടപെടലിനു ശേഷം ആസിഫിനെ ചില ആരാധകർ വിശേഷിപ്പിച്ചത്.

Also read: