യാത്രയ്ക്കിടെ ഹൃദയാഘാതം; യാത്രക്കാരന് രക്ഷകരായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാര്‍
കോഴിക്കോട്: യാത്രയ്ക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഒമേഗ’ എന്ന ബസ്സിലെ ജീവനക്കാരാണ് സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.
യാത്രയ്ക്കിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരെ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടൻ തന്നെ രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ആശുപത്രിയിലെ ഡോക്ടർ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റേത് ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അടിയന്തരമായി ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതോടെ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി. ജീവനക്കാരുടെ കരുതലും കാര്യക്ഷമമായ തീരുമാനവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.