27/09/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്നും പാർട്ടിക്കുള്ളിലില്ല, ഇ.ഡി നടപടി പാർട്ടി പ്രതിച്ഛായയ്ക്ക് അനുകൂലം, ജനം സിപിഐയെ സംശയിക്കും’: എം.വി. ഗോവിന്ദൻ

 ‘എന്നെ ലക്ഷ്യമിട്ട് ഒരു ക്യാംപെയ്നും പാർട്ടിക്കുള്ളിലില്ല, ഇ.ഡി നടപടി പാർട്ടി പ്രതിച്ഛായയ്ക്ക് അനുകൂലം, ജനം സിപിഐയെ സംശയിക്കും’: എം.വി. ഗോവിന്ദൻ

എം.വി. ഗോവിന്ദൻ

കോഴിക്കോട്: കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയുടെ അജൻഡയിൽ പാർട്ടി നേതൃമാറ്റം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ധാർഷ്ട്യം, ആഡംബര ജീവിതശൈലി, സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ദുഷ്പ്രവണതകൾ തിരുത്താൻ നടപടി സ്വീകരിക്കുക മാത്രമല്ല, അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വിശാല സംസ്ഥാന സമിതിക്ക് പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയില്ലെങ്കിലും കേന്ദ്രകമ്മിറ്റി മുൻപ് ഇത്തരം യോഗങ്ങൾ ചേർന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംഘടനാപരമായ ദൗർബല്യം പരിഹരിക്കുക, രാഷ്ട്രീയ ഉള്ളടക്കം ശക്തമാക്കുക, പ്രത്യയശാസ്ത്ര ബോധം വളർത്തുക, ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നീ നാല് ലക്ഷ്യങ്ങളാണ് യോഗത്തിനുള്ളത്. ഇതിലെ തീരുമാനങ്ങൾ നടപ്പാക്കാൻ പാർട്ടി ബാധ്യസ്ഥമാണ്.

നേതൃമാറ്റം പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ് തീരുമാനിക്കേണ്ടതെന്നും തനിക്കെതിരെ പാർട്ടിക്കുള്ളിൽ ഒരു ക്യാമ്പെയ്‌നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഉൾപ്പെടെ ഒരു സ്ഥലത്തും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും അത് പൂർണ്ണമായി അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാക്കൾക്കെതിരെയുള്ള ഇ.ഡി റിപ്പോർട്ട് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്നും ഇ.ഡി നടപടി പാർട്ടിക്ക് അനുകൂലമായാണ് വന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇ.ഡി പറഞ്ഞതിൽ ഒരു വസ്തുതയുമില്ലെന്നും പാർട്ടിയെ ഉൾപ്പെടുത്താനുള്ള ദുരുദ്ദേശ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ പ്രതിപക്ഷ നേതാവിന്റെ നിരപരാധിത്വവുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത നിലപാട് സിപിഎമ്മിനെയോ നേതാക്കളെയോ സംശയത്തിലാക്കില്ലെന്നും ജനം അവരെ സംശയിക്കുമെന്നേയുള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു. സിപിഐ വേറൊരു പാർട്ടിയാണെന്നും എന്തുകൊണ്ടാണ് ഈ നിലപാടെന്ന് അവരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി കണ്ടെത്തിയതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയെ കുറിച്ചല്ല, നിർണ്ണയ പ്രക്രിയയിലാണ് പാർട്ടി പോരായ്മ ചൂണ്ടിക്കാട്ടിയത്. അതിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ശ്യാമള സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Also read: