21/10/2026
[fontresizer_tawhidurrahmandear_widget]

‘ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള നീക്കം വിജയിക്കില്ല; മതേതര സമൂഹം അതീവ ജാഗ്രത പുലർത്തണം’: പി. ജയരാജൻ

 ‘ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള നീക്കം വിജയിക്കില്ല; മതേതര സമൂഹം അതീവ ജാഗ്രത പുലർത്തണം’: പി. ജയരാജൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെയും ശിവഗിരി ധർമസംഘം ട്രസ്റ്റിനെയും ആർഎസ്എസ് വത്ക്കരിക്കാനുള്ള നീക്കങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ശിവഗിരിയെ കൈയടക്കി കേരളത്തെ വരുതിയിലാക്കുക എന്നത് ആർഎസ്എസിന്റെ ദശകങ്ങളായുള്ള പദ്ധതിയാണെന്നും, വരുന്ന ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശ്രീനാരായണീയരും മതേതര സമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

“ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. ആ ഗുരുവിനെ കൈയടക്കാൻ ആർഎസ്എസിന് കഴിയില്ല. ധർമസംഘം ട്രസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള അവരുടെ ദീർഘകാല ശ്രമങ്ങൾ മുൻപും പരാജയപ്പെട്ടതാണ്, ഇപ്പോഴത്തെ നീക്കവും വിജയിക്കാൻ പോകുന്നില്ല,” പി. ജയരാജൻ പറഞ്ഞു.

1940-കളിൽ കേരളത്തിൽ ശാഖാപ്രവർത്തനം തുടങ്ങിയ കാലം മുതലുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുവിന് ശേഷം കേരളം വഴിമാറി സഞ്ചരിച്ചു എന്ന ആർഎസ്എസ് നേതാവ് പി. പരമേശ്വരന്റെ പ്രസ്താവനയും, മുൻ മാധ്യമപ്രവർത്തകൻ എംഎസ് മണി തന്റെ ‘ശിവഗിരി കുന്നിൻമേൽ കാർമേഘങ്ങൾ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയ ‘ഗ്രാൻഡ് ഡിസൈൻ’ പദ്ധതിയും ഇതിന് തെളിവാണ്.

ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ശാശ്വതീകാനന്ദയോട് നടത്തിയ വെളിപ്പെടുത്തലുകളും ജയരാജൻ ഓർമിപ്പിച്ചു. 1995-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശിവഗിരിയിൽ നടന്ന പോലീസ് നടപടിയെ അന്നത്തെ ആർഎസ്എസ്-ബിജെപി നേതൃത്വം പരസ്യമായി പിന്തുണച്ചതും ഇതിന്റെ ഭാഗമായിരുന്നു.

138 വർഷങ്ങൾക്ക് മുമ്പ് അരുവിപ്പുറത്ത് ഗുരു കുറിച്ച ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാത്ത സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്ലോകം ഒരു ആർഎസ്എസ് ശാഖയിൽ ചൊല്ലിയാൽ പിന്നെ ആ സംഘടനയ്ക്ക് നിലനിൽപ്പുണ്ടാകില്ലെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു.

ധർമസംഘം ട്രസ്റ്റിന്റെ ബൈലോയിൽ എവിടെയും ഇതൊരു ഹിന്ദു സന്യാസിമാരുടെ സംഘടന എന്ന് വ്യക്തമാക്കുന്നില്ല. ജാതിഭേദവും മതാന്ധതയും ഇല്ലാതാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ശുചിത്വം, ആധുനിക വിദ്യാഭ്യാസം, കൃഷി തുടങ്ങിയവ ഊന്നിപ്പറയുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ എട്ടിന കർമ്മപരിപാടികളും സംഘപരിവാർ അജണ്ടയ്ക്ക് എതിരാണ്.

നിലവിലെ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 11 സന്യാസിമാർക്ക് പിന്നിൽ ആർഎസ്എസിന്റെ ശക്തമായ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകളും, ഇതിനെതിരെ സ്വാമി ശുഭാംഗാനന്ദ നടത്തിയ പ്രതികരണവും ഏറെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഇത് ഈഴവ-തീയ്യ സമുദായങ്ങളുടെ മാത്രം വിഷയമല്ലെന്നും ശ്രീനാരായണ ദർശനങ്ങളെ മാനിക്കുന്ന മുഴുവൻ മനുഷ്യസ്നേഹികളും ചേർന്ന് ആപൽസൂചനയെ ചെറുത്തുതോൽപ്പിക്കണമെന്നും ജയരാജൻ ആഹ്വാനം ചെയ്തു.

Also read: