കയ്യിൽ കാവിക്കൊടി, പെൺകുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി; പൊലീസ് നോക്കിനിൽക്കെ ഡൽഹിയിൽ ക്രൂരമായ സംഘ്പരിവാർ ആക്രമണം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അതിക്രമം. പ്രതിഷേധങ്ങളിൽ പങ്കാളികളാകാനെത്തിയ യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പൊലീസ് നോക്കിനിൽക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥിനികള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം.
പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം പ്രമുഖ ഫാക്റ്റ് ചെക്കറായ മുഹമ്മദ് സുബൈർ പുറത്തുവിട്ടു.
അതേസമയം, ‘ജെൻസി’ പ്രക്ഷോഭത്തിൽ ഡൽഹി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പരമ്പരാഗത സമരകേന്ദ്രമായ ജന്തർ മന്തറിലേക്ക് ആർക്കും പ്രവേശനമില്ലാത്ത വിധം വലിയ ബാരിക്കേഡുകളും സുരക്ഷാ സേനയെയും വിന്യസിച്ച് പ്രദേശം പൂർണ്ണമായും കൊട്ടിയടച്ചിരിക്കുകയാണ്. പ്രക്ഷോഭം തടയാനായി ഡൽഹി പോലീസ് രാജ്യതലസ്ഥാനം തന്നെ കസ്റ്റഡിയിലാക്കിയതോടെ, പോലീസിനെ ഞെട്ടിച്ച് ഐസ (AISA) തങ്ങളുടെ പ്രതിഷേധം ദില്ലി ഹാട്ടിലേക്ക് പെട്ടെന്ന് മാറ്റി. ഈ അപ്രതീക്ഷിത നീക്കത്തിൽ പതറിയ പോലീസ്, സ്ഥലത്തെത്തി വിദ്യാർത്ഥികളെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് അവിടെനിന്ന് ഒഴിപ്പിച്ചത്.